ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്കിനു അനുമതി
1587223
Thursday, August 28, 2025 12:58 AM IST
ഒറ്റപ്പാലം: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തനത്തിനു അനുമതി ലഭിച്ചു. ജില്ലയിൽ ജില്ലാ ആശുപത്രിയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ് സർക്കാർമേഖലയിൽ ബ്ലഡ് ബാങ്ക് നിലവിലുള്ളത്.
ഒറ്റപ്പാലത്ത് ഈ സൗകര്യം വരുന്നതോടെ ഒറ്റപ്പാലം താലൂക്കിലെയും പട്ടാന്പി തുടങ്ങിയ സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് വളരെയധികം സൗകര്യപ്രദമാകും. കൂടാതെ ബ്ലഡ് ഡൊണേഷൻ ക്യാന്പുകൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. നിലവിൽ രക്തം ആവശ്യത്തിനായി സ്വകാര്യ ആശുപത്രികളെയോ ജില്ലാ ആശുപത്രിയിലോ പോയി വാങ്ങി വരേണ്ട സ്ഥിതിയായിരുന്നു.
എംഎൽഎ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി 73.51 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ നിലവിലുള്ള കെട്ടിടത്തിൽ ബ്ലഡ് ബാങ്കിന് ആവശ്യമായ ഉപകരണങ്ങളും ഭൗതിക സാഹചര്യ നവീകരണവും നടത്തിയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനാവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
രക്തത്തോടൊപ്പം രക്ത ഘടകങ്ങളായ പ്ലേറ്റലെറ്റ്സ്, പ്ലാസ്മ എന്നിവ സൂക്ഷിക്കുന്നതിനും രോഗികളുടെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും.