ഹരിതസൈക്കിൾ നിർദേശങ്ങളുമായി ഫോർട്ട് പെഡല്ലേഴ്സ് ക്ലബ്
1587227
Thursday, August 28, 2025 12:58 AM IST
പാലക്കാട്: ബുധനാഴ്ചകളിൽ കാർബൺഫ്രീ ദിവസമായി അനുവർത്തിക്കാൻ തദ്ദേശഭരണ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ നിർദേശങ്ങൾക്ക് അനുബന്ധമായി ചില പ്രായോഗിക നടപടികൾകൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലയിലെ സൈക്കിൾ കൂട്ടായ്മയായ ഫോർട്ട് പെഡല്ലേഴ്സ് പാലക്കാടിന്റെ 2025 വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
സൈക്കിൾ ട്രാക്കുകൾ നിർമിക്കുക, പൊതുഇടങ്ങളിൽ സൈക്കിൾ സുരക്ഷിതമായി പൂട്ടിസൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, പുതിയ ഫ്ളാറ്റുകളും വ്യാപാര സമുച്ചയങ്ങളും പണിയുമ്പോൾ സൈക്കിൾ പാർക്കിംഗ് നിർബന്ധമാക്കുന്ന തരത്തിൽ കെട്ടിടനിർമാണചട്ടങ്ങൾ ഭേദഗതി ചെയ്യുക, സൈക്കിളിസ്റ്റിനും നിരത്തുകൾ ഉപയോഗിക്കുന്നതിന് തുല്യ അവകാശമുണ്ടെന്ന് ബോധ്യം ഉൾക്കൊള്ളുന്ന തരത്തിൽ ട്രാഫിക് ബോധവത്കരണം നടത്തുക, അശാസ്ത്രീയവും അപ്രായോഗികവുമായ ട്രാഫിക് സംവിധാനങ്ങൾ പുനഃ പരിശോധിക്കുക എന്നിവയടക്കം നിരവധി നിർദ്ദേശങ്ങളും അധികാരികൾക്കു മുമ്പാകെ വച്ചിട്ടുണ്ട്.
ഭാരവാഹികളായി വേണുഗോപാൽ മണലടിക്കളം- പ്രസിഡന്റ്, എച്ച്. രമേഷ്, എ.ജി. ദിലീപ് - വൈസ് പ്രസിഡന്റുമാർ, ജയറാം കൂട്ടപ്ലാവിൽ- സെക്രട്ടറി, അഡ്വ ലിജോ പനങ്ങാടൻ ജോർജ്, ഡോ.പി.എം. നജീബ്- ജോയിന്റ് സെക്രട്ടറിമാർ, അഡ്വ.എസ്.എം. അനൂപ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.