സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ; റോഡ് ഉപരോധിച്ച് കോൺഗ്രസ്
1587225
Thursday, August 28, 2025 12:58 AM IST
കുമരംപുത്തൂർ: സംസ്ഥാനപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച് സമരം നടത്തി.
കഴിഞ്ഞ14 വർഷമായി കുമരംപുത്തൂർ- ഒലിപ്പുഴ റോഡിന്റെ നവീകരണം നടത്താത്തതിനാൽ റോഡിന്റെ ഉപരിതലം പൂർണമായും തകർന്ന അവസ്ഥയിലാണ്. മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ നവീകരണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ നവീകരണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരംപുത്തൂരിൽ റോഡ് ഉപരോധിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസ് ഓണേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുത്തു.
കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ സമരം ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം കടകൾ അടച്ചുപൂട്ടി പോകുന്ന അവസ്ഥയിലാണെന്നും ബസുകൾ നിരത്തിലിറക്കാൻ ആവാത്ത അവസ്ഥയിലാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളും സമരത്തിൽ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ഡിസിസി സെക്രട്ടറി പി. അഹമ്മദ് അഷറഫ്, വി. പ്രീത, പൂർണിമ രമേഷ്, എ. ബാബു, സക്കീർ തയ്യിൽ, പി.ഖാലിദ്, കെ.ജി. ബാബു, അരുൺ കുമാർ പാലക്കുറുശി തുടങ്ങിയവർ പ്രസംഗിച്ചു.