ഒറ്റപ്പാലത്തു ഭാഗ്യദേവതയുടെ അനുഗ്രഹവർഷം തുടരുന്നു
1587496
Friday, August 29, 2025 1:22 AM IST
ഒറ്റപ്പാലം: ഭാഗ്യദേവത തുടർച്ചയായി ഒറ്റപ്പാലത്തെ കനിഞ്ഞനുഗ്രഹിക്കുകയാണ്. വി. രാജൻ ലോട്ടറി ഏജൻസിയിൽ വിറ്റ ഭാഗ്യക്കുറി ടിക്കറ്റിന് വീണ്ടും ഒരുകോടി രൂപ കൂടി സമ്മാനം ലഭിച്ചതോടെ മൂന്നരമാസത്തിനിടെ അഞ്ചാംതവണയാണ് ഇതേ ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിന് ഭാഗ്യം തെളിയുന്നത്.
ടിക്കറ്റിന്റെ ഉടമയെ ഇനിയും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നറുക്കെടുത്ത ‘സ്ത്രീശക്തി' ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഇത്തവണ ലഭിച്ചത്.
ഒറ്റപ്പാലത്തെ ഏജൻസിയിൽനിന്ന് ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയായ കെ.പി. ഹരിദാസ് വില്പനക്കായി കൊണ്ടുപോയ എസ്എൽ 345939 എന്ന ഭാഗ്യക്കുറിക്കാണ് ഒരുകോടിയടിച്ചത്. നേരിട്ടുവിറ്റ ടിക്കറ്റിനും വില്പനക്കാർ വിറ്റ ടിക്കറ്റിനുമടക്കമാണ് അഞ്ച് തവണ നേട്ടമുണ്ടായത്.
മേയ് എട്ടിന് തുടങ്ങിയതാണ് തുടർച്ചയായ ഭാഗ്യം തെളിയൽ. ആദ്യം കാരുണ്യപ്ലസ് ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പിന്നീട് സുവർണ കേരളം ഭാഗ്യക്കുറിയിലൂടെ വീണ്ടുമെത്തി. ജൂലായ് 28 ന് ഭാഗ്യതാരയിലൂടെയാണ് ഒറ്റപ്പാലത്തേക്ക് ഭാഗ്യമെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച സ്ത്രീശക്തിയിലൂടെ വീണ്ടും ലോട്ടറിയടിച്ചു. ഒടുവിൽ ഇപ്പോൾ സ്ത്രീശക്തിയിലൂടെയും ഒന്നാം സമ്മാനം ഒറ്റപ്പാലത്തെ ഏജൻസിക്ക് ലഭിച്ചത്. നറുക്കെടുപ്പിന് അഞ്ച് മിനിറ്റുമുൻപ് വിറ്റ ഭാഗ്യക്കുറിക്കാണ് ഇത്തവണ ഒന്നാംസമ്മാനം ലഭിച്ചത്.
മൂന്നുമണിക്കായിരുന്നു സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. വില്പനക്കാരനായ കെ.പി. ഹരിദാസൻ മായന്നൂർ പാലത്തിന് സമീപത്ത് 2.55 നാണ് ഈ ടിക്കറ്റ് ഭാഗ്യവാന് കൈമാറിയത്.
തുടർച്ചയായി ഭാഗ്യവർഷം ചൊരിയാൻ തുടങ്ങിയതോടു കൂടി ഒറ്റപ്പാലത്തെ വിവിധ ലോട്ടറി കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെത്തുന്ന ഭൂരിഭാഗം പേരും ലോട്ടറി ടിക്കറ്റ് എടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
ലോട്ടറി എടുക്കുന്നതിനു വേണ്ടിമാത്രം എത്തുന്നവരുടെയും എണ്ണം കുറവല്ല. ജ്വല്ലറികളിലും തുണിക്കടകളിലും ഓണത്തിനോട് അനുബന്ധിച്ച് തിരക്ക് കുറവാണെങ്കിലും ലോട്ടറി കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.