ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു
1587500
Friday, August 29, 2025 1:23 AM IST
പാലക്കാട്: കിൻഫ്രയുടെ മെഗാ ഫുഡ് പാർക്കിൽ 4.806 ഏക്കറിൽ നിർമിക്കുന്ന ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു. 89% സിവിൽ ജോലികളും പൂർത്തിയായി.
പാലക്കാട് ജില്ലയിൽ നിന്നും ശേഖരിക്കുന്ന നെല്ല് അരിയാക്കി നൽകുകയാണ് റൈസ് പാർക്കിലൂടെ ചെയ്യുന്നത്. 6000 ടണ്‍ സൈലോ സംഭരണിയും ഒരു മണിക്കൂറിൽ 5 മെട്രിക് ടണ്‍ നെല്ല് പ്രോസസ് ചെയ്യുന്നതിനുള്ള പ്ലാന്റും ആണ് ഇവിടെ സ്ഥാപിക്കുന്നത്. 39.5 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
ശ്രീകോ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കാണ് നിർമാണ പ്രവർത്തനങ്ങളുടെ കരാർ നൽകിയിരുന്നത്. അതേസമയം പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികൾ നൽകാനുള്ള കരാർ ദൈവിക് കണ്‍സ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിനാണ്. നെല്ല് സംഭരണം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവ ലക്ഷ്യമിട്ടാണ് റൈസ് ടെക്നോളജി പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കർഷകർക്കും വ്യവസായികൾക്കും ഒരുപോലെ പ്രയോജനകരമാകും.