കുളപ്പുള്ളി- ഷൊർണൂർ റോഡിൽ നവീകരണ പ്രവൃത്തികൾ തുടങ്ങി
1587219
Thursday, August 28, 2025 12:58 AM IST
ഷൊർണൂർ: കുളപ്പുള്ളി- ഷൊർണൂർ റോഡിൽ നവീകരണ പ്രവൃത്തികൾ തുടങ്ങി. മഴ മാറിയ സാഹചര്യത്തിലാണ് തകർച്ചയിലായ പാതയിൽ അടിയന്തര നവീകരണ പ്രവൃത്തികൾ ആരംഭിച്ചതെന്നു പി. മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.
പാതയുടെ തകർച്ചയ്ക്കെതിരേ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. പ്രതിഷേധിച്ചു മടുത്ത ഘട്ടത്തിൽ നാട്ടുകാർതന്നെ റോഡിലെ കുഴിയടയ്ക്കാൻ രംഗത്തിറങ്ങിയിരുന്നു.
കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള ഭാഗങ്ങളിലെ നവീകരണമാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. 25 ലക്ഷം രൂപയാണ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്.
കുളപ്പുള്ളി മുതൽ ചെറുതുരുത്തി പാലം വരെയുള്ള പാതയുടെയും പൊതുവാൾ ജംഗ്ഷൻ മുതൽ എസ്എംബി ജംഗ്ഷൻ വരെയുള്ള റിംഗ്റോഡിന്റെയും 4.5 കിലോമീറ്റർ പ്രവൃത്തിയാണ് നടത്തുന്നത്. 2020 ലാണ് പ്രവൃത്തിക്കു ടെൻഡർ കഴിഞ്ഞത്. ആദ്യ ഘട്ടത്തിൽ പണി നടന്നെങ്കിലും പിന്നീട് പകുതിയിൽ നിൽക്കുകയായിരുന്നു.