കാഞ്ഞിരപ്പുഴ ടൂറിസം പ്രോജക്ട് നിർമാണ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന്
1587495
Friday, August 29, 2025 1:22 AM IST
കാഞ്ഞിരപ്പുഴ: ജലസേചനവകുപ്പ് നടപ്പിലാക്കുന്ന ഡാം ടൂറിസം പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും 161 കോടി രൂപയുടെ കാഞ്ഞിരപ്പുഴ ടൂറിസം പ്രോജക്ടിന്റെ നിർമാണ ഉദ്ഘാടനവും സെപ്റ്റംബർ ഒന്നിന് വൈകുന്നേരം നാലിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് ശാന്തകുമാരി എംഎൽഎ പറഞ്ഞു. ഉദ്യാനത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് പദ്ധതിയുടെ രൂപരേഖ സമർപ്പണവും മന്ത്രി കെ. കൃഷ്ണൻകുട്ടി ലോഗോ പ്രകാശനവും നിർവഹിക്കും. ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കോഴിക്കോട് എഫ്എസ്ഐടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറുകാർ. കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തി 50 ഏക്കർ ഭൂമിയിൽ 161 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് വരുന്നത്. 30 വർഷത്തേക്ക് ടൂറിസം പ്രവൃത്തി നടത്താനാണ് സർക്കാർ അനുമതി നൽകിയത്. സ്വകാര്യ പൊതുപങ്കാളിത്തത്തോടെയാണ് പദ്ധതി. നിർമാണ ചെലവ് കരാറുകാർ ഏറ്റെടുക്കും. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം സർക്കാരിനും ലഭിക്കും.
ജലസേചന വകുപ്പിന്റെ ഡാമുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി ടൂറിസം മേഖലകളായി ഉപയോഗിക്കുന്നതിനായി സർക്കാർ ഇറിഗേഷൻ ടൂറിസം പോളിസി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ സ്വകാര്യ സംരംഭകരിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കുകയും കോഴിക്കോട് നിന്നുള്ള കമ്പനിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
വാട്ടർ തീം പാർക്ക്, സ്നോ വേൾഡ്, പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനേറിയം, ജയന്റ് വീൽ, ബോട്ടിംഗ്, ത്രീഡി തീയറ്റർ, റോപ്പ് വേ, ചില്ല് തൂക്കുപാലം, മ്യൂസിക്കൽ ഫൗണ്ടൻ, ലേസർ ഷോ, റിസോർട്ട്, വിവിധതരം അക്വേറിയം തുടങ്ങി വൻ പദ്ധതികൾ ഉണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു. സെപ്റ്റംബർ ആറ്, ഏഴ് തീയതികളിലാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ഓണാഘോഷ പരിപാടികൾ നടക്കുന്നത്.