ഒറ്റപ്പാലത്തു തരിശുഭൂമിയിൽ വിരിഞ്ഞതു പൂവസന്തം
1587492
Friday, August 29, 2025 1:22 AM IST
ഒറ്റപ്പാലം: തരിശുഭൂമിയിൽ വിളഞ്ഞത് പൂക്കളുടെ നൂറ് മേനി. ഒറ്റപ്പാലം നഗരപരിധിയിൽ കാലങ്ങളായി തരിശുകിടന്നിരുന്ന ഭൂമി പ്രയോജനപ്പെടുത്തിയാണ് കണ്ണിയംപുറത്തുകാരനായ യുവാവും ബന്ധുവായ ജനപ്രതിനിധിയും ചേർന്നു പൂക്കളുടെ വിളവിറക്കിയത്. ചെണ്ടുമല്ലി കൃഷി ഓണക്കാലമായതോടെ വിളവെടുപ്പിന് പാകമാവുകയും ചെയ്തു. പനമണ്ണ അമ്പലവട്ടം ഐക്യത്തിൽ ഗിരീഷ് രണ്ട് മാസം മുമ്പാണ് 50 സെന്റ് ഭൂമിയിൽ ചെണ്ടുമല്ലി വിളവിറക്കിയത്. അടുത്ത ബന്ധുവും നഗരസഭാ കൗൺസിലറുമായ കെ.സുരേഷ്കുമാറിന്റെ പിന്തുണയോടെയായിരുന്നു കൃഷി.
കൃഷിഭവൻ നൽകിയ ‘ആഫ്രിക്കൻ അശോക’ ഇനത്തിൽപെട്ട ചെടികളാണു നട്ടത്. ഓണമായതോടെ കൃഷി വിളവെടുപ്പിനു പാകമായി. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി ചെടികളാണു വിളഞ്ഞു നിൽക്കുന്നത്.തരിശുഭൂമിയിൽ ചെണ്ടുമല്ലി കൃഷി ഇറക്കാമെന്ന ആശയം സുരേഷ്കുമാറാണു മുന്നോട്ടുവച്ചത്.
കൃഷിഭവന്റെ കൂടി പിന്തുണ ലഭിച്ചതോടെ എല്ലാം പെട്ടെന്നായി. ചെറിയ തോതിൽ വാടാമല്ലിയും വിളവിറക്കിയിരുന്നു. ഇതും വിളപ്പെടുപ്പിനു പാകമായി. 5 തവണയെങ്കിലും വിളവെടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. വിളവെടുത്ത പൂക്കൾ നഗരത്തിൽ നേരിട്ടു വില്പന നടത്താനാണ് ആലോചനയെന്നു ഗിരീഷ് പറഞ്ഞു. നെല്ല്, റബർ, നാളികേരം എന്നിവ കൃഷി ചെയ്യുന്ന കർഷകനാണു ഗിരീഷ്. ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നഗരസഭാധ്യക്ഷ കെ. ജാനകീദേവി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ. രാജേഷ്, കെ.സുരേഷ്കുമാർ, ഐക്യത്തിൽ ഗിരീഷ് എന്നിവരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രസംഗിച്ചു.