വടംവലിയുടെ തീവ്രപരിശീലനത്തിൽ പാളയംബോയ്സ്
1587230
Thursday, August 28, 2025 12:58 AM IST
വടക്കഞ്ചേരി: നാട്ടിൽ എവിടെയും ഓണാഘോഷങ്ങളുടെ തയാറെടുപ്പുകൾ തകൃതിയായി നടക്കുമ്പോൾ വടക്കഞ്ചേരി ടൗണിനടുത്തു പാളയത്തെ ചെറുപ്പക്കാർ വടംവലിയുടെ തീവ്രപരിശീലനത്തിലാണ്. ഭക്ഷണക്രമീകരണത്തിൽ ശരീരഭാരം കുറച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് പാളയത്തെ 25 ഓളം ചെറുപ്പക്കാർ. മഴക്കാലത്ത് നിർത്തിവച്ച പരിശീലനം കഴിഞ്ഞ ദിവസമാണ് ഇവർ തുടങ്ങിയത്.
മാറിനിന്ന മഴ വീണ്ടും എത്തിയത് പരിശീലനത്തിനും തടസമാകുന്നുണ്ട്. എങ്കിലും ദിവസവും രാത്രി ഏഴു മുതൽ പത്തുമണിവരെ പരിശീലനമുണ്ട്. പാളയം - കരിപ്പാലി റോഡിൽ പാളയം പുഴക്കടുത്ത് വടംവലി പരിശീലനത്തിനുള്ള ഷെഡിലും വീടുകൾക്കിടയിൽ വെളിച്ചമുള്ള റോഡിലുമാണ് പരിശീലനം.
തുല്യ രണ്ടു ടീമുകളായി നിന്നാണ് വടം വലിച്ച് ബലാബലം നോക്കുക. രണ്ട് പതിറ്റാണ്ടിലേറെയായി വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന രാജനാണ് ടീം ക്യാപ്റ്റൻ. അയ്യപ്പൻ, രാജീവ്, പ്രവീൺ, രാജേഷ്, സതീഷ്, മനോജ് എന്നിവരാണ് എ ടീം വലിക്കാർ. 20നും 45 വയസിനും ഇടയ്ക്ക് പ്രായമുള്ള ദിവസ ജോലിക്കാരാണ് ഇവരെല്ലാം.
ഇവരെ കൂടാതെ റിസർവ് വലിക്കാരുമായി 15 ലേറെ പേർ വേറെയുമുണ്ട്. ഏഴു പേരാണ് മത്സരത്തിന് ഇറങ്ങുക. ഏഴുപേരുടെയും കൂടി മൊത്തം ശരീരഭാരം 460 കിലോയെ പാടുള്ളു. 100 ഗ്രാം വരെ കൂടിയാൽ ടീം പുറത്താകും. ഇതിനാൽ മത്സ്യമാംസാഹാരം കുറച്ച് ശരീരഭാരം അനുവദനീയ തൂക്കത്തിലാക്കിയാണ് പരിശീലനമുറകൾ നടത്തുന്നത്.
ഇവരെ കൂടാതെ പുതുതലമുറക്കാരും പരിശീലനത്തിലുണ്ട്. പാരമ്പര്യമായി നല്ല വടംവലി ടീമുള്ള സ്ഥലമാണ് പാളയം. മത്സരത്തിൽ പാളയം ബോയ്സ് പങ്കെടുക്കുന്നുണ്ടെങ്കിൽ മറ്റു ടീമുകൾക്കെല്ലാം നെഞ്ചിടിപ്പ് കൂടും.
മത്സരത്തിൽ പങ്കെടുത്താൽ പിന്നെ സമ്മാനങ്ങളും ട്രോഫിയുമായിട്ടെ പാളയത്തുകാർ തിരിച്ചുവരു. പല ജില്ലകളിലേക്കും ടീം മത്സരിക്കാൻ പോകും. പാലക്കാട് ജില്ലയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന നിരവധി വടംവലി ടീമുകൾ ഉണ്ടെന്നാണ് പാളയത്തുകാർ പറയുന്നത്.
ഓണനാളുകളിൽ ചില ദിവസം മൂന്ന് മത്സരങ്ങളിൽ വരെ പങ്കെടുക്കാറുണ്ടെന്ന് ടീമിലെ അയ്യപ്പൻ പറഞ്ഞു. ഫുട്ബോളും ക്രിക്കറ്റും പോലെ വടംവലിയും ആവേശവും ലഹരിയുമാണ്. കാഷ് പ്രൈസോ ട്രോഫിയോ അല്ല അതിനുമപ്പുറം ആവേശം വാനോളമൊപ്പമെത്തി നിൽക്കുന്ന കാണികൾക്ക് മുന്നിൽ ജയിക്കണമെന്നുള്ള വാശിയിലാണ് വലിക്കുക. യുവാക്കൾ ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നതിൽ നിന്നുള്ള മുക്തി കൂടിയാണ് വടംവലി പോലെയുള്ള കായിക കളരിയെന്ന് ഇവർ പറയുന്നു.