ഓണവൈബ് ഏറ്റെടുത്ത് കുടുംബശ്രീ
1587232
Thursday, August 28, 2025 12:58 AM IST
പാലക്കാട്: ഓണപ്പൂക്കൾ, ഓണസദ്യ, പച്ചക്കറി വിപണികളിൽ സജീവമായികൊണ്ട് ഓണവൈബ് പൂർണമായി ഏറ്റെടുത്തിരിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ. മുൻവർഷത്തേതിന് സമാനമായി ഇക്കുറിയും കുടുംബശ്രീ പൂകൃഷിയിൽ സജീവമാണ്. നിർദേശിച്ച നന്പറിൽ വിളിച്ചാൽ വീട്ടുപടിക്കലെത്തിക്കുന്ന ഓണസദ്യയാണ് ഇത്തവണത്തെ ഹൈലൈറ്റ്. പുറമെ കുടുംബശ്രീ യൂനിറ്റുകൾ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളും ഇക്കുറി വിപണിയിലെ വിലക്കയറ്റത്തിന് തടയിടാൻ മുന്നിലുണ്ടാകും. ഓണം സ്പെഷൽ കിറ്റോടെ കുടുംബശ്രീയുടെ ഓണ്ലൈൻ പ്ലാറ്റ്ഫോമും ‘പോക്കറ്റ് മാർട്ട്’ ആപ്പ് മുഖേന തിളങ്ങി നിൽക്കുകയാണ്.
‘നിറപ്പൊലിമ’യായി ഓണപ്പൂക്കൾ
ജില്ലയൊട്ടാകെ 24.5 ഏക്കറിലാണ് കുടുംബശ്രീയുടെ 90 കാർഷികഗ്രൂപ്പുകൾ ചേർന്ന് പൂകൃഷി ഒരുക്കിയത്. നിറപ്പൊലിമ എന്ന പേരിൽ ഈ ഓണപ്പൂക്കൾ ഇപ്പോൾ വിപണിയിൽ സജീവമാണ്. നിലവിൽ കുടുംബശ്രീ പൂപ്പാടങ്ങളിൽ വിളവെടുപ്പുത്സവങ്ങൾ നടന്ന് വരികയാണ്. ഓണപ്പൂക്കൾ വിപണിയിലെത്തിക്കുന്നതിനായി 2024 ൽ കുടുംബശ്രീ തുടക്കം കുറിച്ച പദ്ധതിയാണ് നിറപ്പൊലിമ. കുറഞ്ഞ കാലയളവിൽ ഉയർന്ന വിളവ് നൽകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുത്തത്. ഓറഞ്ച്, മഞ്ഞ, ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൃഷിചെയ്തത്.
കൃഷിയിറക്കുന്ന സമയത്ത് കാലാവസ്ഥ അനുകൂലമല്ലാതിരുന്നത് കുടുംബശ്രീ സിഡിഎസുകൾക്കും കാർഷികഗ്രൂപ്പുകൾക്കും വെല്ലുവിളിയായിരുന്നു. 18 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൂക്കളുടെ വിളവെടുപ്പ് നടന്ന് വരുന്നുണ്ട്. നേരിട്ടും ഓണച്ചന്തകൾ മുഖേനെയുമാണ് പൂവിപണി നടക്കുന്നത്. കിലോക്ക് 150 മുതൽ 200 രൂപ വരെയാണ് നിരക്ക്. അട്ടപ്പാടി മേഖലയിൽ നിന്നും കോയന്പത്തൂർ വിപണികളിലും കുടുംബശ്രീ യൂണിറ്റുകൾ പൂക്കളെത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഗുണ്ടൽപേട്ട് നിന്നുമുളള പൂക്കൾക്ക് പകരമാവുകയാണ് കുടുംബശ്രീയുടെ ഈ ഓണപ്പൂക്കൾ.
കുടുംബശ്രീ ഓണസദ്യ
ഇത്തവണത്തെ ഹൈലൈറ്റ്
ചോർ, സാന്പാർ, അവിയൽ, പച്ചടി, കിച്ചടി, പപ്പടം, അച്ചാർ, ചിപ്സ്, പായസം, ശർക്കര വരട്ടി, പുളിയിഞ്ചി, കാളൻ, രസം, മോര്, തുടങ്ങി വാഴയില വരെ ലഭ്യമാക്കികൊണ്ട് ബുക്ക് ചെയ്യുന്നവർക്ക് വീട്ടിലെത്തിക്കുന്ന ഓണസദ്യയാണ് ഇത്തവണ കുടുംബശ്രീയുടെ ഹൈലൈറ്റ്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മികച്ച മുപ്പത്തഞ്ചോളം കുടുംബശ്രീ കഫേ യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കുന്നത്.ആവശ്യമായ ദിവസത്തിന് രണ്ട് ദിവസം മുന്പ് ബുക്ക് ചെയ്താൽ സദ്യ വീട്ടുപടിക്കൽ എത്തും. തിരുവോണദിനത്തിലെ ബുക്കിംഗ് സിഡിഎസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി ശേഖരിക്കാവുന്നതാണ്. നിലവിൽ ബുക്കിംഗ് ആയിരം കഴിഞ്ഞതായി കുടുംബശ്രീ മിഷൻ ജില്ല കോ-ഓർഡിനേറ്റർ അറിയിച്ചു. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങൾ തെരഞ്ഞെടുക്കാനും ഇനങ്ങൾ തീരുമാനിക്കാനും സാധിക്കും. സദ്യയുടെ ഫാമിലി പാക്കുൾപ്പെടെ ലഭ്യമാണ്. ജില്ലയിലെവിടെയും കുടുംബശ്രീ ഓണസദ്യ എത്തിക്കുമെന്നതും പ്രത്യേകതയാണ്.
വിഷരഹിത പച്ചക്കറികളുമായി
കുടുംബശ്രീ ഓണക്കനി
ഓണവിപണിയിൽ ‘ഓണക്കനി’ എന്ന പേരിൽ വിഷരഹിതവും ഗുണമേന്മയും ഉറപ്പാക്കുന്ന പച്ചക്കറികൾ താരതമ്യേന വിലക്കുറവിൽ ലഭ്യമാക്കാനും കുടുംബശ്രീ മുന്നിലുണ്ട്. 2024 മുതൽ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓണക്കനി. 190 സംഘകാർഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ 328.4 ഏക്കറിലാണ് പച്ചക്കറികൃഷി നടന്നുവരുന്നത്.
വെണ്ട, വഴുതന, തക്കാളി, പയർ, മത്തൻ, കുന്പളം, പടവലം, പാവയ്ക്ക, പയർ, മുളക്, ചീര,നേന്ത്ര കായ എന്നിവയാണ് പ്രധാനമായും ഓണ വിപണിക്കായി തയ്യാറായിരിക്കുന്നത്. മെയ് അവസാന വാരം തന്നെ പച്ചക്കറി കൃഷി ആരംഭിച്ചെങ്കിലും അതിശക്ത മഴയിൽ ചില ഗ്രൂപ്പുകൾക്ക് കൃഷിനാശം സംഭവിച്ചു. എന്നാൽ മഴയ്ക്ക്ശേഷം വീണ്ടും തൈകളും വിത്തുകളും നട്ടുകൊണ്ട് ഗ്രൂപ്പുകൾ സജീവമായി വീണ്ടും കൃഷിയിറക്കി.
അത്യുത്പാദന ശേഷിയുള്ള മികച്ച ഇനം ഹൈബ്രിഡ് വിത്തുകളും തൈകളുമാണ് ഈ വർഷവും കർഷകർ ഉപയോഗിച്ചിരിക്കുന്നത്. കുടുംബശ്രീ നഴ്സറികൾ മുഖേനയും തൈകൾ ലഭ്യമാക്കിയിരുന്നു. കാർഷിക ഉത്പന്നങ്ങളോടൊപ്പം കുടുംബശ്രീ സംരംഭങ്ങൾ തയ്യാറാക്കുന്ന വിവിധ കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളും ഓണ വിപണിയിൽ ലഭ്യമാവും.
കുടുംബശ്രീ നാട്ടുചന്തകൾ, ഓണച്ചന്തകൾ, കിയോസ്കുകൾ എന്നിവ മുഖേനയാണ് പ്രധാനമായും വിപണനം. പരന്പരാഗത കൃഷി രീതികളോടൊപ്പം നൂതന ഓപ്പണ് പ്രിസിഷൻ ഫാർമിംഗ് രീതികളും കുടുംബശ്രീ കർഷകർ ഉപയോഗിച്ചിട്ടുണ്ട്.