ശ്രേഷ്ഠവിദ്യാലയ പുരസ്കാരവിതരണം
1586984
Wednesday, August 27, 2025 1:28 AM IST
കാഞ്ഞിരപ്പുഴ: ജില്ലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കുള്ള ശ്രേഷ്ഠവിദ്യാലയ പുരസ്കാര വിതരണം പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷനാണ് മികച്ച വിദ്യാലയങ്ങൾക്കായി അവാർഡ് ഏർപ്പെടുത്തിയിരുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളും രണ്ടാംസ്ഥാനം ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ശബരി ഹൈസ്കൂൾ പള്ളിക്കുറുപ്പ് ഒന്നാംസ്ഥാനം നേടിയപ്പോൾ ദാറുന്നജാത് ഹൈസ്കൂൾ നെല്ലിപ്പുഴ രണ്ടാംസ്ഥാനത്തെത്തി. അന്‍പതിനായിരം രൂപ ഒന്നാം സ്ഥാനക്കാർക്കും ഇരുപത്തയ്യായിരം രൂപ രണ്ടാം സ്ഥാനക്കാർക്കും അവാർഡ് തുകയായി നൽകി.
പാർശ്വവത്കരിക്കപ്പെടുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷൻ. അവാർഡ് വിതരണ ചടങ്ങ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ പി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷൻ സ്ഥാപകൻ എസ്. ഹരിഹരൻ അവാർഡുകൾ വിതരണം ചെയ്തു.
ഹർണീത് ഹരിഹരൻ, പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, സിആർഎഫ് ജില്ലാ കോ-ഓർഡിനേറ്റർ എം. ദേവരാജൻ, മണ്ണാർക്കാട് പ്രിൻസിപ്പൽ ഫോറം കണ്‍വീനർ എ. ബിജു, പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ്, ദിവ്യ അച്യുതൻ, മൈക്കിൾ ജോസഫ്, ഹൃദ്യ കൃഷ്ണ, ഹിറ ഫാത്തിമ, പി.എം. റിതിക എന്നിവർ പ്രസംഗിച്ചു.