യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
1587228
Thursday, August 28, 2025 12:58 AM IST
പാലക്കാട്: ലൈംഗിക ആരോപണവിധേയനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസ് ലാത്തിവീശിയതിനെ തുടർന്ന് കൗണ്‍സിലർ ഉൾപ്പെടെയുള്ള പ്രവർത്തകർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
ഡിസിസി ഓഫീസിൽനിന്ന് തുടങ്ങിയ മാർച്ച് ബിജെപി ഓഫീസിന് 200 മീറ്റർ അകലെ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. പ്രവർത്തകർ ഉന്തുംതള്ളും നടത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധമാർച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പിന്നീടായിരുന്നു പോലീസ് നടപടി. നിരവധി തവണ ജലപീരങ്കി ഉപയോഗിച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പിന്നീട് സമരക്കാരെ പോലീസ് ബലംപ്രയോഗിച്ചു നീക്കുകയായിരുന്നു.
ഇതിനിടെയാണ് പോലീസ് ലാത്തിവീശിയത്. പ്രതിഷേധം ഉയർത്തിയ വാർഡ് കൗണ്‍സിലർ എഫ്.ബി. ബഷീറിനു പരിക്കേറ്റു. തലയ്ക്ക് അടിയേറ്റ ബഷീറിനെ രക്തംവാർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിഷേധം കനക്കുന്നതിനിടെ ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനവും നടത്തി.
കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പ്രതീഷ് മാധവൻ, രതീഷ് പുതുശേരി, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, പി.എസ്. വിപിൻ, നിഖിൽ കണ്ണാടി, പ്രശോഭ് വത്സൻ, കൗണ്‍സിലർമാരായ കെ. ബഷീർ, എ. കൃഷ്ണൻ, അനുപമ പ്രശോഭ്, മൻസൂർ മണലാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.