ഒലവക്കോട് റെയില്‍വേ സ്റ്റേഷനു മുന്നിലെ അനധികൃത ഓട്ടോറിക്ഷ പാര്‍ക്കിംഗിനെതിരേ പ്രതിഷേധം
1586979
Wednesday, August 27, 2025 1:28 AM IST
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനുമുന്നിലെ അനധികൃത ഓട്ടോറിക്ഷകളുടെ പാര്‍ക്കിംഗ് വ്യാപാരികളെയും ട്രെയിന്‍ യാത്രികരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
ഒലവക്കോട്ട് രണ്ട് ഓട്ടോ സ്റ്റാന്‍ഡുകള്‍ക്കു മാത്രമാണ് പാലക്കാട് നഗരസഭ അനുമതി നല്‍കിയിരിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ പരിസരത്തും പഴയ റെയില്‍വേ സ്റ്റേഷന് പരിസരത്തും.
ഇവിടെ നഗരസഭയുടെ പെര്‍മിറ്റുള്ള ഓട്ടോകള്‍ മാത്രമേ അനുവാദമുള്ളുവെങ്കിലും ജില്ലയിലെ എല്ലാ പഞ്ചായത്തിലുള്ള ഓട്ടോറിക്ഷകളെത്തി സ്റ്റേഷന് പരിസരത്ത് പാര്‍ക്കുചെയ്ത് യാത്രക്കാരെ കയറ്റി കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.
സ്റ്റാന്‍ഡുകള്‍ക്ക് പുറമെ ടെലഫോണ്‍ എക്സ്ചേഞ്ചു മുതല്‍ മേനോന്‍സ് ആശുപത്രിവരെ റോഡുകളുടെ ഇരുവശവും പാര്‍ക്കുചെയ്ത് ഓട്ടോസ്റ്റാന്ഡാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
ഇതുമൂലം ആശുപത്രിയിലേക്കുവരുന്ന ആംബുലന്‍സുകള്‍ക്കും ട്രെയിന്‍ യാത്രികര്‍ക്കും വളരെയേറെ ക്ലേശമാണ് സഹിക്കേണ്ടി വരുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ഓട്ടോ പാര്‍ക്കിംഗ് ആളുകള്‍ക്ക് കടകളിലേക്ക് വരുന്നതിനും തടസമാകുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു.
ഇതുസംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പിന് വ്യാപാരികള്‍ പരാതി നല്കിയപ്പോള് പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്നും വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
നഗരസഭക്കും പരാതി നല്കിയപ്പോഴും അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇരുകൂട്ടരും നടപടികള്‍ സ്വീകരിക്കാത്തത്മൂലം വ്യാപാരികള്‍ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു.
ഇതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷന് സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പിഴ ചുമത്തി മടങ്ങി പോകുകയാണു ചെയ്തത്. അനധികൃത പാര്‍ക്ക് ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവുകൾ നടപ്പാക്കണമെന്നും ഒലവക്കോട് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.