താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്കായി പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് വരുന്നു
1587743
Saturday, August 30, 2025 1:31 AM IST
ചിറ്റൂര്‍: താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്കായുള്ള പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമാവുന്നു.
ആശുപത്രിക്ക് എതിർവശത്തെ ജീര്‍ണാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഫ്ളാറ്റ് മാതൃകയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക. 2019-20 ലെ സംസ്ഥാന ബജറ്റില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി പത്തുകോടി രൂപ വകയിരുത്തിയിരുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടി ആറുനിലകളോടുകൂടിയ കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തില്‍ 15 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. സിവില്‍ പ്രവൃത്തികള്‍ക്കായി 8.9 കോടി രൂപയും ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്ക് 1.1 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത് നിർമാണപ്രവർത്തനങ്ങൾക്കായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
മൂന്നുവർഷം മുൻപ് ലഭിച്ച സാങ്കേതിക അനുമതി ധനകാര്യ വകുപ്പിൽനിന്ന് പുതുക്കി കിട്ടേണ്ടതുണ്ടെന്നും തുടർന്ന് പ്രവർത്തനം വേഗത്തിൽ ആരംഭിക്കുമെന്നും സ്ഥലം എംഎൽഎ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.