പഞ്ചായത്ത് പദ്ധതികളിൽ അഴിമതി ആരോപണം; വടക്കഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
1587738
Saturday, August 30, 2025 1:31 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമം റോഡിലെ ടാറിംഗ് ഉൾപ്പെടെയുള്ള വർക്കുകളിൽ വൻ അഴിമതിയാരോപണവുമായി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ നാലരവർഷം ഗ്രാമം റോഡിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കാതിരിക്കുകയും സമരങ്ങൾക്കൊടുവിൽ റീടാറിംഗ് നടന്നെങ്കിലും ടാറിംഗ് നടത്തി ഒരു മാസം തികയും മുമ്പേ വിവിധ ഇടങ്ങളിൽ കുഴികൾ രൂപപ്പെട്ടു. പഞ്ചായത്തിന്റെ വലിയ അഴിമതിയാണ് ഇതു വ്യക്തമാക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
അഴിമതിക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധയോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെകളം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം അധ്യക്ഷത വഹിച്ചു. റെജി കെ. മാത്യു, ബാബു മാധവൻ, മോഹിത് ചുവട്ടുപാടം, ബാദുഷ പ്രധാനി, സുഗുണൻ കെ. നായർ, കെ. അഭിജിത് പ്രസംഗിച്ചു.