പാലക്കാട് നഗരസഭാപരിധിയിൽ ആയിരം പനവിത്തുകൾ നടും
1587736
Saturday, August 30, 2025 1:31 AM IST
പാലക്കാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒരുതൈ നടാം വൃക്ഷവത്കരണ കാന്പയിനിന്റെ ഭാഗമായി ആയിരം പനവിത്തുകൾ നട്ടുപിടിപ്പിച്ചു.
പാലക്കാട് നഗരസഭാ പരിധിയിൽ നടത്തിയ പരിപാടി നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.
ജൂണ്‍ അഞ്ചുമുതൽ സെപ്റ്റംബർ 30 വരെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്നതാണ് കാന്പയിനിന്റെ ലക്ഷ്യം.
ഗവ.വിക്ടോറിയ കോളജിലെ എൻഎസ്എസ് വിദ്യാർഥികളാണ് പനവിത്തുകൾ ശേഖരിച്ച് ഹരിതകേരളമിഷനു നൽകിയത്. കോട്ടമൈതാനത്ത് നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് അധ്യക്ഷനായി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി. സ്മിതേഷ്, കൗണ്‍സിലർ സെലീന ബീവി, ഹരിതകേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സൈതലവി, ഹരിതകേരളമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ റഷീദ്, ക്ലീൻസിറ്റി മാനേജർ പി. മണി പ്രസാദ്, വിക്ടോറിയ കോളജ് എൻഎസ്എസ് പ്രോഗ്രാം ഡയറക്ടർ ആശ എന്നിവർ പ്രസംഗിച്ചു.
വിക്ടോറിയ കോളജ് എൻഎസ്എസ് യൂണിറ്റ് പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.