യുവജന കമ്മീഷൻ അദാലത്ത്: ജില്ലയിൽ 11 പരാതികൾ തീർപ്പാക്കി
1587741
Saturday, August 30, 2025 1:31 AM IST
പാലക്കാട്: യുവജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി കേരള സംസ്ഥാന യുവജന കമ്മീഷൻ നടത്തിയ ജില്ലാതല അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 20 പരാതികൾ പരിഗണിച്ചു. ശേഷിക്കുന്ന ഒൻപത് പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ഏഴ് പരാതികൾകൂടി പുതുതായി ലഭിച്ചു. തൊഴിൽതർക്കങ്ങൾ, സൈബർ തട്ടിപ്പുകൾ, ഗാർഹികപീഡനം, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് സംബന്ധമായ വിഷയങ്ങൾ, പിഎസ് സി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കാണാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ലഹരിവിരുദ്ധ കാന്പയിനുകളും സജീവമായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മീഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.സി. വിജിത, എച്ച്. ശ്രീജിത്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.