ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ നാലുമുതൽ
1587745
Saturday, August 30, 2025 1:31 AM IST
പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ നാലിന് തുടക്കമാവും.
പാലക്കാട് രാപ്പാടി ഓപ്പണ്‍ എയർ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നിവിടങ്ങളിലായി വിവിധ വേദികളിലാണ് ഇത്തവണ പരിപാടികൾ അരങ്ങേറുന്നത്. സെപ്റ്റംബർ ഏഴുവരെ പരിപാടികൾ നീണ്ടു നിൽക്കും. സെപ്റ്റംബർ നാലിന് വൈകുന്നേരം 5.30ന് രാപ്പാടി ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം വിവേകും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഉദ്ഘാടന സമ്മേളനം.
ചലച്ചിത്രതാരം ശ്രുതി ജയനും സംഘവും നൃത്തപരിപാടികൾ അവതരിപ്പിക്കും, രാത്രി എട്ടിന് സ്വരലയ പാലക്കാടിന്റെ ഉത്രാടരാവ് എന്ന കലാപരിപാടിയും നടക്കും. അഞ്ചിന് വൈകുന്നേരം അഞ്ചിന് മണ്ണൂർ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുകളിയും 5.30 ന് പത്മശ്രീ രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും നടക്കും.
വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം ആറിന് കൊച്ചിൻ കൈരളി കമ്യൂണിക്കേഷൻസിന്റെ ഗാനമേളയും സെപ്റ്റംബർ ഏഴിന് സരിത റഹ്മാൻ നയിക്കുന്ന ഗാനസന്ധ്യയും കലാമണ്ഡലം ഐശ്വര്യയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.
ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം 5.30 ന് കലാമണ്ഡലം അഭിജേഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, വൈകുന്നേരം 6.30 ന് സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. സെപ്റ്റംബർ ഏഴിന് വൈകുന്നേരം 5.30 ന് വിശ്വനാഥപുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, വൈകുന്നേരം 6.30 ന് വടക്കൻസ് പാലക്കാട് അവതരിപ്പിക്കുന്ന മെഗാ ഇവന്റ് എന്നിവയാണ് പരിപാടികൾ. പോത്തുണ്ടി ഉദ്യാനത്തിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം നാലിന് കൈതോല നാടൻ പാട്ടുകൂട്ടത്തിന്റെ അല്ലിപ്പൂങ്കാവ്, വൈകുന്നേരം ആറിന് സപ്തസ്വരം ഓർക്കസ്ട്രയുടെ മെലോഡീയസ് ഹിറ്റ്സ് പരിപാടികളും സെപ്റ്റംബർ ഏഴിന് വൈകുന്നേരം 4.30 ന് ജനാർദനൻ പുതുശേരിയും സംഘവും അവതരിപ്പിക്കുന്ന ആവണിപ്പാട്ടുകൾ, ആറിന് പാട്ടൊരുമ പാലക്കാട് അവതരിപ്പിക്കുന്ന പാട്ടുത്സവം തുടങ്ങിയ കലാപരിപാടികളും നടക്കും.