കോയന്പത്തൂരിൽ 28.5 കോടി ചെലവിൽ ബഹുനില കാർപാർക്കുകൾ നിർമിക്കും
1588179
Sunday, August 31, 2025 7:21 AM IST
കോയമ്പത്തൂർ: നഗരത്തിലെ 3 സ്ഥലങ്ങളിൽ 28.5 കോടിരൂപ ചെലവിൽ ബഹുനില കാർപാർക്കുകൾ നിർമിക്കാൻ തീരുമാനം. കോയമ്പത്തൂരിലെ ക്രോസ് കട്ട് റോഡ്, രാജ വീഥി, റേസ് കോഴ്സ് റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബഹുനില കാർ പാർക്കുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കോർപറേഷൻ തീരുമാനിച്ചത്.
ക്രോസ്കട്ട് റോഡിലെ നിലവിലുള്ള കോർപറേഷൻ കാർപാർക്ക് സമുച്ചയം നവീകരിക്കാനും 9.5 കോടി രൂപ ചെലവിൽ 95 ഇരുചക്ര വാഹനങ്ങൾക്കും 84 കാറുകൾക്കും പാർക്കിംഗ് സൗകര്യം ഒരുക്കാനും തീരുമാനിച്ചു.
രാജ വീഥിയിൽ 9.5 കോടി രൂപ ചെലവിൽ 50 ഇരുചക്ര വാഹനങ്ങൾക്കും 100 കാറുകൾക്കും ഒരു ബഹുനില കാർ പാർക്ക് നിർമിക്കാനും റേസ് കോഴ്സ് ഏരിയയിലെ കെ.ജി. തീയറ്ററിന് എതിർവശത്തുള്ള കോർപറേഷന്റെ സ്ഥലത്ത് 9.5 കോടി രൂപ ചെലവിൽ 95 ഇരുചക്ര വാഹനങ്ങൾക്കും 84 കാറുകൾക്കും ഒരു ബഹുനില കാർ പാർക്ക് നിർമിക്കാനും പ്രമേയങ്ങൾ പാസാക്കി.
മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റിന് അംഗീകാരത്തിനായി സമർപ്പിച്ച് പ്രവൃത്തി ആരംഭിക്കാനാണ് പദ്ധതി.