മഴ വില്ലനായി; പപ്പടം ഉണക്കൽ ഡ്രയറുകളിൽ
1588192
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: ഓണദിവസങ്ങളിലെ തോരാമഴയിൽ വലിയ ധർമസങ്കടത്തിലാണ് പപ്പട നിർമാതാക്കൾ. ഉണ്ടാക്കുന്ന പപ്പടം വെയിലിൽ ഉണക്കിയെടുക്കാൻ വഴിയില്ല. അത്തത്തിനു മുമ്പുവരെ നല്ല വെയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കാലാവസ്ഥ മാറി. പകൽ മുഴുവൻ മഴ പെയ്യുന്ന സ്ഥിതി.
ഓണസദ്യയിലെ പ്രധാനിയാണ് പപ്പടം. ചെറിയ പപ്പടം മുതൽ വലിയ പപ്പടം വരെ സദ്യക്ക് നിർബന്ധമാണ്. കുലത്തൊഴിലായി പപ്പടം ഉണ്ടാക്കുന്ന കുടുംബങ്ങളുടെ വർഷത്തിലെ പ്രധാന വരുമാന സീസണാണ് ഓണം.
ഇതിനാൽ വലിയ സാമ്പത്തിക ബാധ്യത സഹിച്ചും ചെറുകിട വ്യവസായ സംരംഭമായി ലക്ഷങ്ങൾ വിലവരുന്ന ഡ്രയറുകൾ വാങ്ങിയാണ് ഇപ്പോൾ പല പപ്പടനിർമാണ യൂണിറ്റുകളും പ്രവർത്തിക്കുന്നതെന്ന് മുടപ്പല്ലൂർ കൈക്കോളത്തറയിലെ ശ്രീകൃഷ്ണ പപ്പട നിർമാണ യൂണിറ്റ് നടത്തുന്ന കൃഷ്ണൻ പറഞ്ഞു. മണിക്കൂറിൽ 30 കിലോ വരെ പപ്പടം ഉണക്കാവുന്ന ഡ്രയറാണ് പല യൂണിറ്റുകളിലുമുള്ളത്. വൈദ്യുതിയിലാണ് ഇതിന്റെ പ്രവർത്തനം.
മഴ തുടരുന്നതിനാൽ പപ്പടം ഉണക്കിയെടുക്കാൻ ഡ്രയർ തന്നെയാണ് ആശ്രയം. വൈദ്യുതി ചാർജ് കൂടും. ഇത് പപ്പട നിർമാണ ചെലവും കൂട്ടുന്നുണ്ടെന്ന് കൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉഴുന്നിൻ പരിപ്പിന് മാത്രമാണ് വിലയിൽ വലിയ മാറ്റമില്ലാത്തത്. ഉപ്പ് മുതൽ പപ്പടക്കാരം വരെയുള്ള മറ്റ് എല്ലാ കൂട്ടുകൾക്കും വില കൂടി.
ഒരു കിലോയുടെ 25 പാക്കറ്റുകളുള്ള ഒരു ചാക്ക് ഉപ്പിന് നൂറ് രൂപ കൂടിയിട്ടുണ്ടെന്ന് പപ്പട നിർമാതാക്കൾ പറയുന്നു. ഇക്കുറി ഓണ ദിവസങ്ങളിൽ മുഹൂർത്തദിവസങ്ങൾ അടുത്തടുത്ത് വരുന്നതിനാൽ എത്ര പപ്പടം ഉണ്ടാക്കിയാലും അത് അധികമാകില്ലെന്നാണ് നിർമാതാക്കളുടെ കണക്കുകൂട്ടൽ.
നല്ല പപ്പടമാണെങ്കിൽ അതിന് ആവശ്യക്കാർ ഏത് കാലത്തുമുണ്ട്. നാല് ഇഞ്ച് മുതൽ ആറ് ഇഞ്ച് വരെയുള്ള പപ്പടമുണ്ട്. ഓണം സ്പെഷൽ വല്യപപ്പടവും വിപണിയിലെത്തും.
കുറഞ്ഞ വിലക്ക് ഗുണമേന്മയില്ലാത്ത പപ്പട വിപണിയിലെത്തുന്നത് കുലതൊഴിലായിട്ടുള്ള പപ്പട നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഉയർന്ന വിലക്ക് ഉഴുന്നുമാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നല്ല പപ്പടം ഉണ്ടാക്കി കടയിലെത്തിച്ചാൽ മത്സരിക്കേണ്ടി വരുന്നത് ഗുണമേന്മയില്ലാത്ത പപ്പടവുമായാണെന്ന് പപ്പട നിർമാണം കുലത്തൊഴിലായി ചെയ്തുവരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ പപ്പട നിർമാതാക്കൾ പറയുന്നു.
കാഴ്ചയിൽ പപ്പടമെല്ലാം ഒരു പോലെയാണെങ്കിലും ഗുണത്തിൽ വലിയ അന്തരമുണ്ട്. കൃത്രിമ പപ്പടം രോഗങ്ങൾക്കും വഴിവക്കും. ഗുണമേന്മ പരിശോധിച്ച് മനുഷ്യന് ഹാനികരമാകുന്ന ഭക്ഷ്യസാധനങ്ങൾ കണ്ടെത്തി നിരോധിക്കാൻ സംവിധാനമില്ലാത്തതിനാൽ വ്യാജപപ്പടവുമായി മത്സരിക്കേണ്ടി വരുന്നെന്ന് വീരശൈവസഭ ഭാരവാഹികൾ പറയുന്നു.
പപ്പടതറകളിൽ നിന്നും വിലകുറവിൽ പപ്പടം വാങ്ങി ഉയർന്ന വിലക്ക് വിറ്റ് ലാഭം കൊയ്യുന്നതിൽ കച്ചവടക്കാരും പുറകിലല്ല. കൈക്കോളതറക്കു പുറമെ കാവശേരി വേപ്പിലശേരി, ഒലവക്കോട് ആണ്ടിമഠം, കൊടുവായൂർ, കുനിശേരി, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും കുലതൊഴിലായി പപ്പടം നിർമിക്കുന്ന കുടുംബങ്ങളുണ്ട്.