പാറമടയ്ക്ക് അനുമതിക്കെതിരേ പ്രതിഷേധധർണ നടത്തി
1588172
Sunday, August 31, 2025 7:21 AM IST
പല്ലശന: പഞ്ചായത്തിലെ രണ്ടാംവാർഡിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന പാറമടയ്ക്ക് വീണ്ടും അനുമതിനൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്തിനുമുന്നിൽ ധർണ നടത്തി.
നൂറുകണക്കിനു കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതും 500 ഏക്കറോളം വരുന്ന കൃഷിസ്ഥലം നാശമാക്കാനിടവരുന്ന പാറമടയ്ക്കെതിരേ നാട്ടുകാർ ഒരുവർഷമായി സമരത്തിലാണ്.
പാറപൊട്ടിച്ച സമയത്തു വീടിനുമുകളിൽ കല്ല് വീണപ്പോൾ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ നിയമലംഘനം നടത്തി പാറപൊട്ടിച്ചുവന്ന ക്വാറി ഉടമയ്ക്ക് അനുകൂലമായി പഞ്ചായത്ത് സമിതിയിലെ 10 ഭരണപക്ഷ അംഗങ്ങൾ ചേർന്ന് അനുവാദംകൊടുത്തത്. പ്രതിപക്ഷ മെംബർമാരായ കോൺഗ്രസ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി യോഗം ബഹിഷ്കരിച്ചു.
തുടർന്നു നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി. പ്രതിഷേധ ധർണ സമരസമിതി കൺവീനർ സി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ സമരസമിതി ചെയർമാനും രണ്ടാം വാർഡ് മെംബറുമായ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.