മൂലത്തറ ഇടതുകനാലിൽനിന്നും വൈദ്യുതോത്പാദനത്തിനു തുടക്കം
1588188
Sunday, August 31, 2025 7:21 AM IST
ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി പള്ളിമൊക്കിൽ മൂലത്തറ ഇടതുകനാൽ വെള്ളത്തിൽ നിന്ന് ജലചക്രമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പവർ ഗ്രിഡിലൂടെ 100 വീടുകളിലേക്കാണ് വൈദ്യുതിയെത്തിക്കുന്നത്.
കഴിഞ്ഞദിവസം ജലചക്രമുപയോഗിച്ച് പരീക്ഷണയോട്ടം നടത്തി. അഞ്ചു കിലോവാട്ട് കപ്പാസിറ്റി എന്ന നിലയിൽ ഒരു മണിക്കൂറിൽ അഞ്ച് യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. പദ്ധതിയിലൂടെ പ്രതിദിനം 240 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും കനാലിലെ വെള്ളത്തിന്റെ തോത് ഉയർന്നാൽ പ്രതീക്ഷയ്ക്കൊത്തു വൈദ്യുതി ഉല്പാദിപ്പിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ജലചക്രത്തിന്റെ പരീക്ഷണ ഓട്ടം നടത്തിയത്. ജില്ലയിൽ തന്നെ ആദ്യമായാണ് കനാൽ വെള്ളത്തിൽ വൈദ്യുതി ഉത്പാദനം നടത്തുന്നത്. പരീക്ഷണ ഉത്പാദനം വിജയകരമായിരുന്നന്ന്െ അധികൃതർ അറിയിച്ചു. ഭാവിയിൽ സംസ്ഥാനവ്യാപകമായി ഇത്തര ത്തിലുള്ള ചെലവുകുറഞ്ഞ വൈദ്യുതി ഉദ്പാദിപ്പിക്കാനും വൈദ്യുതി വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.