പിതാവും മകനും തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്നു പോലീസ്
1574203
Tuesday, July 8, 2025 11:25 PM IST
ഒറ്റപ്പാലം: വാണിയംകുളം മനിശീരിയിൽ പിതാവിനേയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നു പോലീസ്. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ജീവനൊടുക്കുന്നതിനു മകനെ അച്ഛൻ പ്രേരിപ്പിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
മകൻ മരിച്ചത് ഉറപ്പാക്കിയശേഷം അച്ഛനും തൂങ്ങിമരിച്ചുവെന്നും മകന്റേതു കൊലപാതകമല്ലെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ. മനിശീരി കണ്ണമ്മനിലയത്തിൽ കിരൺ (38), മകൻ കിഷൻ (ഒൻപത്) എന്നിവർ മരിച്ച സംഭവത്തിലാണ് ദുരൂഹതയില്ലെന്നു പോലീസ് പറയുന്നത്. ഇരുവരുടെയും പോസ്റ്റുമോർട്ടം തൃശൂർ മെഡിക്കൽ കോളജിലാണ് നടത്തിയത്.
കഴിഞ്ഞ മേയ് 14ന് കിരണിന്റെ ഭാര്യ അഖീനയെ ഇതേ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടിരുന്നു. ഇതിൽ മനംനൊന്താണ് കിരണും ജീവനൊടുക്കിയതെന്നും പോലീസ് വിലയിരുത്തുന്നു. ഭാര്യയുടെ മരണത്തിനുശേഷം ഗൾഫിലേക്കുപോയ കിരൺ ഒരുമാസത്തിനുള്ളിൽ തിരിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വീടിലെ മുകൾനിലയിൽ മരിച്ചനിലയിൽ ബന്ധുക്കൾ കണ്ടത്.
വീട് പൂട്ടിപ്പോയ കിരണിന്റെ സ്കൂട്ടർ റോഡിൽ കണ്ട് വീട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.