പാലക്കയത്തു ദ്രുതകർമസേനയെ സ്ഥിരമായി നിലനിർത്തണമെന്നു കർഷകർ
1574457
Thursday, July 10, 2025 1:06 AM IST
പാലക്കയം: കാട്ടാനശല്യം രൂക്ഷമായ പാലക്കയം കുടിയേറ്റ മേഖലയിൽ ദ്രുതകർമസേനയെ വിന്യസിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കാട്ടാനകൾ കൂട്ടമായെത്തി കൃഷിനശിപ്പിച്ച പായപ്പുല്ല്, ഇരുമ്പകചോല ഭാഗങ്ങളിൽ സന്ദർശനത്തിനെത്തിയ കെ. ശാന്തകുമാരി എംഎൽഎയോടാണ് കർഷകർ അവശ്യപ്പെട്ടത്.
മുണ്ടനാട്, തരുപ്പപൊതി, അച്ചിലട്ടി, ചീനിക്കപ്പാറ, വട്ടപ്പാറ, പായപ്പുല്ല്, പത്തായക്കല്ല് തുടങ്ങിയ കാർഷിക മേഖലകളിൽ കാട്ടാനകൾ സ്ഥിരമായി എത്താറുണ്ടെന്നു കർഷകർ പറഞ്ഞു.
ആനകളെ പേടിച്ച് രാവിലെ റബ്ബർ ടാപ്പിംഗിനോ പത്രം വിതരണം ചെയ്യാനോ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കട്ടാനകൾക്കുപുറമെ പുലി, കടുവ, കാട്ടുപന്നി, മയിൽ, കുറുക്കൻ തുടങ്ങിയവയും കൃഷിയിടത്തിൽ എത്താറുണ്ടെന്നും കർഷകർ പറഞ്ഞു. ആനകൾ പകലും വനത്തിനുള്ളിലേയ്ക്കു പോകാതെ വനത്തിനോടു ചേർന്ന കൃഷിയിടങ്ങളിൽ തമ്പടിക്കുകയാണ്.
കാട്ടാനകലെ തുരത്താൻ ദ്രുതകർമസേനയെ പാലക്കയത്ത് സ്ഥിരമായി നില നിർത്തണമെന്നും വൈദ്യുതി വേലികളും ട്രഞ്ചുകളും നിർമിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കർഷകരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നു എംഎൽഎ ഉറപ്പും നൽകി.