നിപ്പ: ജില്ലയിൽ കനത്ത ജാഗ്രത
1573649
Monday, July 7, 2025 2:16 AM IST
പാലക്കാട്: ജില്ലയിൽ നിപ്പ രോഗം സ്ഥീരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ടെയ്മെന്റ് സോണിലുള്ളവർ അനാവശ്യമായി കൂട്ടം കൂടരുത്. എൻ-95 മാസ്ക് നിർബന്ധമായും ധരിക്കണം. കണ്ടെയിൻമെന്റ് സോണിൽ നിന്നും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം. ഐസൊലേഷൻ, ക്വാറന്റൈനിൽ കഴിയുന്നവർ നിർബന്ധമായും എൻ-95 മാസ്ക് ധരിക്കേണ്ടതാണ്. കൃത്യമായും ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കണം.
ശുചിമുറിയുള്ള റൂമിൽതന്നെ ക്വാറന്റൈനിൽ ഇരിക്കുക. ആരുമായും സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്ക് എപ്പോഴും ധരിക്കണം.
കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കേണ്ടതാണ്. പനി, ചുമ, തലവേദന, ശ്വാസതടസം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ഉടൻതന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തിരം അറിയിക്കുകയോ കൺട്രോൾ റൂം നമ്പറിലേക്ക് 0491 - 2504002 വിളിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിൽ വാർഡ്-7 (കുണ്ടൂർക്കുന്ന്) വാർഡ്- 8 (പാലോട് ) വാർഡ്- 9 (പാറമ്മൽ) വാർഡ്- 11 (ചാമപറമ്പ്) കരിമ്പുഴ പഞ്ചായത്തിൽ വാർഡ്- 17 (ആറ്റശ്ശേരി ) വാർഡ്- 18 ( ചോളക്കുറിശ്ശി) എന്നിവയാണ് നിലവിലെ കണ്ടെയ്ൻമെന്റ് സോണുകൾ.