മംഗലംഡാം ടൗൺ മുപ്പത്തിയഞ്ചിൽ റോഡ് റീടാറിംഗ് നടത്തും
1574446
Thursday, July 10, 2025 1:06 AM IST
മംഗലംഡാം: വഴിനടക്കാനാകാത്ത വിധം തകർന്നു കിടക്കുന്ന മംഗലംഡാം ടൗണിലെ 35 എന്ന പ്രദേശത്തെ റോഡ് റീടാറിംഗ് നടത്തും. ഇതിന്റെ ഭാഗമായി റോഡളന്ന് പ്രാരംഭ പ്രവൃത്തികൾക്കു തുടക്കമായി.
മഴക്കാലത്തുതന്നെ റോഡ് ബലപ്പെടുത്തുന്ന പണികൾ നടക്കും. മംഗലംഡാം ഉദ്യാനത്തിലേക്കുള്ള പ്രവേശകവാടത്തിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിയിലൂടെ തുടങ്ങുന്നതാണ് 35 ലേക്കുള്ള റോഡ്.
എഴുപതോളം വീടുകളുണ്ട് ഈ പ്രദേശത്ത്. ഇറിഗേഷൻ വകുപ്പിനു കീഴിലുള്ളതാണ് ഈ റോഡ്. വർഷങ്ങൾക്കുമുമ്പ് ഇതു ടാർ റോഡായിരുന്നു.
എന്നാൽ ഇപ്പോൾ ടാറിംഗിന്റെ ശേഷിപ്പുകൾ മാത്രമേ റോഡിൽ പലയിടത്തുമുള്ളു. മംഗലംഡാം കമ്മീഷൻ ചെയ്തത് മുതൽ 70 വർഷത്തോളമായി പ്രദേശത്തേക്കുള്ള വഴിയും ഇതാണ്. സിസ്റ്റേഴ്സിന്റെ കോൺവന്റ് ഉൾപ്പെടെ തിങ്ങിനിറഞ്ഞ് വീടുകളുണ്ട് 35 പ്രദേശത്ത്.
വീടുകൾക്കു മുന്നിലുള്ള ഇറിഗേഷൻ ഭൂപ്രദേശങ്ങൾ പൊന്തക്കാടായി കിടക്കുന്നതിനാൽ പ്രദേശം മുഴുവൻ പന്നിക്കൂട്ടങ്ങൾ കൈയടക്കിയ നിലയിലാണിപ്പോൾ. ആളുകൾ മാലിന്യം തള്ളുന്നതും പഴയകാലത്ത് പൂന്തോട്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അപകട ഭീഷണിയായി നിൽക്കുന്ന വഴിയിലെ വൻമരങ്ങൾ മുറിച്ചുമാറ്റി ഭീതിയില്ലാതെ നടന്നു പോകാൻ സൗകര്യമുണ്ടാക്കണമെന്നും 35 ലെ വീട്ടുകാർ ആവശ്യപ്പെട്ടു.