നിരോധിത പുകയില, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന: പരിശോധന ശക്തമാക്കി
1574448
Thursday, July 10, 2025 1:06 AM IST
പാലക്കാട്: നിരോധിത പുകയില ഉത്പന്നങ്ങളുടെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും അനധികൃത വില്പന തടയുന്നതിനായി അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ പരിശോധനകൾ ശക്തമാക്കി.
ഇതിന്റെ ഭാഗമായി ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ഒരു കട അടക്കാൻ നിർദ്ദേശം നൽകുകയും നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പറളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഹേമാംബിക നഗറിലെ കെ.എസ്. അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഈ കടയ്ക്ക് ലൈസൻസുണ്ടായിരുന്നില്ല. പരിശോധനയിൽ 1.200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തു. കോട്പാ ആക്ട് 2003 പ്രകാരം കേസെടുത്തതിനെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് അധികൃതർ കട പൂട്ടിക്കുകയായിരുന്നു.
ഈ സ്ഥാപനത്തിൽ നിന്ന് മുമ്പും ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി പിഴ ചുമത്തിയിരുന്നെങ്കിലും ഈ തുക ഇതുവരെ അടച്ചിട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നിരോധിത പുകയില ഉത്പന്നങ്ങളുടെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും വില്പന കർശനമായി തടയുന്നതിനുള്ള നടപടികൾ തുടരുമെന്നു പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ജൂണിയർ സൂപ്രണ്ട്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്.