പാലാട്ട് ബൈപാസ് റോഡിനു സ്ഥലമെടുക്കൽ പൂർത്തിയായി
1574447
Thursday, July 10, 2025 1:06 AM IST
ഒറ്റപ്പാലം: പാലാട്ട് ബൈപാസ് റോഡ് പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ആർബിഡിസിക്ക് കൈമാറി.
നിർദ്ദിഷ്ട ബൈപാസ് പ്രദേശത്തെ 222 പേരുടെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകകളാണ് കൈമാറിയത്. ലാൻഡ് അക്വസിഷൻ തഹസിൽദാരും ആർബിഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരും അന്തിമ സ്ഥലപരിശോധനയും പൂർത്തിയാക്കി.
മൂന്നു ഘട്ടങ്ങളായിട്ടാണ് പ്രദേശവാസികളുടെ കൈവശ രേഖകൾ ആർബിഡിസിക്ക് കൈമാറിയത്. കോടതിയിൽ കേസിനു പോയവരുടെ ഉൾപ്പടെയുള്ള റവന്യൂ രേഖകളും കൈമാറിയതായി അധികൃതർ പറഞ്ഞു. പദ്ധതിയുടെ എസ്റ്റിമേറ്റ് നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
എസ്റ്റിമേറ്റിന് കിഫ്ബിയുടെ അനുമതി ലദിക്കുന്നതോടെ ആർബിഡിസി ടെൻഡർ നടപടികളിലേക്ക് കടക്കും. കോടതിയിൽ വാദം കേൾക്കുന്ന പരാതികൾ നിലനിൽക്കുമ്പോഴും പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ ഭരണകൂടത്തിനു തടസമില്ലെന്നാണ് സൂചന.
ബൈപാസ് യാഥാർഥ്യമായാൽ ഒറ്റപ്പാലം നഗരത്തിൽ നിലനിൽക്കുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കപ്പെടുമെന്നാണു വിലയിരുത്തൽ. എന്നാൽ ദീർഘവീക്ഷണം ഇല്ലാത്ത പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന വിമർശനവും മറുഭാഗത്ത് നിന്നുയരുന്നുണ്ട്.
നഗരത്തിൽ തുടങ്ങി നഗരത്തിൽ തന്നെ അവസാനിക്കുന്ന ബൈപാസ് പദ്ധതികൊണ്ട് ഭാവിയിൽ ഒരു ഗുണവുമുണ്ടാകില്ലെന്നാണ് ഉയർന്നു വരുന്ന വിമർശനം.
ഇതിനു പുറമേ ബൈപാസ് പദ്ധതി അവസാനിക്കുന്ന എൽഎസ്എൻ കോൺവന്റ് കവലയിൽ നാലും കൂടിയ റോഡാണുള്ളത്. സമീപത്തുള്ള എൻഎസ്എസ് ഹൈസ്കൂളും എൽഎസ്എൻ കോൺവന്റും ഓട്ടോറിക്ഷ സ്റ്റാൻഡും മറ്റു കച്ചവടസ്ഥാപനങ്ങളുടെ തിരക്കും ബൈപാസ് പദ്ധതിയെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിമർശനം. ഇതുകൂടാതെ ഈ ഭാഗത്ത് തിരക്ക് വർധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.