വിദ്യാർഥികൾക്കു തൊഴിൽ ഉറപ്പാക്കി ഐഐടി പാലക്കാടിന്റെ "ഉയരെ'
1574454
Thursday, July 10, 2025 1:06 AM IST
പാലക്കാട്: ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ എൻഎം-ഐസിപിഎസിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ 'ഉയരെ' യുവ നൈപുണ്യ വികസന പരിപാടി സമാപിച്ചു.
പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്മെന്റിലൂടെ തൊഴിലും ഉറപ്പാക്കി.
പട്ടികവർഗവിഭാഗം വിദ്യാർഥികളുടെ സാങ്കേതിക കണ്ടുപിടിത്തങ്ങളിലും സംരംഭകത്വത്തിലുമുള്ള കഴിവുകൾ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ആറുമാസ പരിശീലന പരിപാടിയിൽ 15 വിദ്യാർഥികളാണ് ഭാഗമായത്.
സമാപനപരിപാടിയിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി.
കേവലം നൈപുണ്യ പരിശീലനം നൽകുന്നതിനപ്പുറം വിദ്യാർഥികൾക്ക് തൊഴിൽസാധ്യതകൂടി ഉറപ്പാക്കുന്നത് ഉയരെ പരിപാടിയെ വേറിട്ട് നിർത്തുന്നതായും രാജ്യത്തിന് തന്നെ മാതൃകയാണെന്നും പട്ടികവർഗ വികസനത്തിന്റെ ഭാഗമായി ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വിദ്യാർഥികൾ അഞ്ച് സംഘങ്ങളായി തയാറാക്കിയ വിവിധ പ്രോജക്ടുകളുടെ പ്രദർശനവും നടന്നു.
പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ജോബ് ഓഫർ ലെറ്ററും കൈമാറി.
ഐഐടി ഡയറക്ടർ പ്രഫ. എ. ശേഷാദ്രി ശേഖർ, ഐഐടി രജിസ്ട്രാർ ബി.വി. രമേഷ്, ഐപിടിഐഎഫ് സിഒഒ സായിശ്യാം നാരായണൻ, ഐപിടിഐഎഫ് പ്രോജക്ട് ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. വിജയ് മുരളീധരൻ, ഐപിടിഐഎഫ് എച്ച്ആർ മാനേജർ ഡോ.ആർ. രാജേശ്വരി എന്നിവർ പ്രസംഗിച്ചു.