പാലക്കുഴി ജലവൈദ്യുത പദ്ധതി പൈപ്പ് സ്ഥാപിക്കൽ തുടങ്ങി
1574458
Thursday, July 10, 2025 1:06 AM IST
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി ഈ വർഷംതന്നെ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടു പ്രവൃത്തികൾ ദ്രുതഗതിയിലാക്കി.
പാലക്കുഴി അഞ്ചുമുക്കിലുള്ള ചെക്ക്ഡാമിൽനിന്നും താഴെ കൊന്നക്കൽക്കടവിലുള്ള പവർഹൗസിലേക്ക് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനായി ചെക്ക്ഡാമിനു മുകളിൽ പുഴയുടെ ഒഴുക്കിന്റെ ഗതിമാറ്റിവിട്ട് ഷട്ടർ സ്ഥാപിക്കുന്ന വർക്കുകളാണ് നടക്കുന്നത്. വെള്ളം ഒഴിഞ്ഞു പോകാൻ ചെക്ക്ഡാമിന്റെ കെട്ടിലുള്ള സ്ളൂയിസിൽ വലിയ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടലോ മറ്റൊയുണ്ടായി കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ ചെക്ക്ഡാമിലെ ഓവർ ഫ്ളോ വഴിയും വെള്ളം ഒഴുകുമെന്നു അധികൃതർ പറഞ്ഞു.
വൻമലയുടെ ചെരിവിലൂടെ പൈപ്പ് സ്ഥാപിക്കലാണ് ശേഷിക്കുന്ന വർക്കുകളിലെ ദുർഘട പണിയായുള്ളത്.
ഇതിനായി ഖലാസികളേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിലെ പവർഹൗസിലെ ജനറേറ്ററുകൾ സ്ഥാപിക്കുന്ന വർക്കുകളും അന്തിമഘട്ടത്തിലാണ്.
ഒരു പക്ഷെ, തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ചകൾ ഈ കാലവർഷത്തോടെ ഇല്ലാതാകും.ഇതിനാൽ തന്നെ പൊതുപണിമുടക്കായിരുന്ന ഇന്നലെയും അവധി ദിവസങ്ങളിലുമെല്ലാം നിരവധിയാളുകളാണ് പാലക്കുഴി പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ മല കയറുന്നത്.
വൈദ്യുതോത്പാദനം തുടങ്ങിയാൽ പിന്നെ പൈപ്പിലൂടെയാകും വെള്ളം താഴെയെത്തുക.വെള്ളച്ചാട്ടം ഓർമയായി മാറും. തൃശൂർ - പാലക്കാട് ദേശീയപാതയിൽ നിന്നു വരെ ഇപ്പോൾ പാലക്കുഴി വെള്ളച്ചാട്ടം കാണാം. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ ഈ കാഴ്ചകളെല്ലാം ഇല്ലാതാകും.