പോത്തുണ്ടി ഡാമിൽ ജലനിരപ്പുയർന്നു
1574201
Tuesday, July 8, 2025 11:25 PM IST
നെന്മാറ: അന്പത്തിയഞ്ചടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 46.48 അടിയായി വെള്ളം ഉയർന്നു. ഇതോടെ പുഴയിലേക്കുള്ള സ്പിൽ ഷട്ടറിനുമുകളിൽ അഞ്ചടിയോളം വെള്ളം ഉയർന്നു.
കഴിഞ്ഞവർഷം ജൂലൈ ഒന്പതിനു 20.86 അടി വെള്ളമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിനുശേഷമാണ് അണക്കെട്ടിൽ വെള്ളം സംഭരണശേഷിയുടെ പരമാവധിയിൽ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 26 അടി വെള്ളം ജൂലൈ മാസത്തിൽതന്നെ സംഭരിക്കാൻ കഴിഞ്ഞു. ചെറിയ ഡാമുകളെ റൂൾകർവ് നിബന്ധനകളിൽനിന്ന് ഒഴിവാക്കിയതിനെതുടർന്ന് പോത്തുണ്ടി ഡാമിൽ 50 അടിക്കുമുകളിൽ വെള്ളം എത്തിയാൽ മാത്രമേ നിയന്ത്രണവിധേയമായി പുഴയിലേക്ക് വെള്ളംതുറക്കുകയുള്ളൂ.
മൂന്നുദിവസമായി മേഖലയിൽ മഴ കുറവായതിനെതുടർന്ന് നെല്ലിയാമ്പതി മലനിരകളിൽനിന്ന് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. 50 അടിയിൽ വെള്ളം എത്തിയാൽ മാത്രമേ ഡാം തുറക്കുന്നതിനുഒന്നാം മുന്നറിയിപ്പ് നൽകുകയുള്ളൂ.