കരിന്പനയുടെ ഉത്പന്നങ്ങൾ മൂല്യവർധനവ് നടത്തി കർഷകർക്കു മികച്ച വരുമാനം ലഭ്യമാക്കണം
1574189
Tuesday, July 8, 2025 11:25 PM IST
എലപ്പുള്ളി: പനങ്കാവ് പദ്ധതിയിലൂടെ കരിന്പനയുടെ ഉത്പന്നങ്ങൾ മൂല്യവർധനവ് നടത്തിയും സോഷ്യൽ മാർക്കറ്റിംഗ് നടത്തിയും കർഷകർക്കും ചെറുകിട സംരംഭകർക്കും നല്ല വരുമാനം ലഭ്യമാക്കണമെന്ന് നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ജയകൃഷ്ണൻ ജി. മേനോൻ അഭിപ്രായപ്പെട്ടു.
പനങ്കാവ് പദ്ധതിയുടെ ഭാഗമായി കരിന്പന സംരക്ഷണ കൂട്ടായ്മയായ കരിന്പനകൂട്ടവും പാലക്കാട് വിക്ടോറിയ കോളജ് എൻഎസ്എസ് യൂണിറ്റും രാമശേരി ഗാന്ധി ആശ്രമവും ചേർന്ന് ഗാന്ധിആശ്രമത്തിൽ സംഘടിപ്പിച്ച കരിന്പന വിത്ത് നടൽ പരിപാടി കരിന്പന വിത്ത് എൻഎസ്എസ് വോളന്റിയർ എച്ച്. അൽഫ ഷെറിന് നൽകി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലപ്പയുടെ തണ്ടും നുകക്കോലും കരിന്പനയുടെ തടികൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. വീടിന്റെയും കന്നുകാലി തൊഴുത്തിന്റെയും ഉത്തരവും കഴുക്കോലും എല്ലാം കരിന്പനയുടെ തടികൊണ്ടാണ് നിർമിച്ചിരുന്നത്. കരിന്പനയുടെ തടി നെല്ല് അളക്കാനുള്ള പറയുണ്ടാക്കാനും ഉലക്ക ഉണ്ടാക്കാനും പൂർവികർ ഉപയോഗിച്ചിരുന്നു. പനന്പഴം ചുട്ട് ഭക്ഷണമായി ഉപയോഗിച്ചിരുന്നു.
സുഖശീതളമായ പനയോല മേഞ്ഞ വീട് പാലക്കാടിന്റെ മുഖമുദ്രയായിരുന്നു. പനയോല കൊണ്ട് ഉണ്ടാക്കിയ വിശറി അടുത്ത കാലത്ത് വരെ ഉപയോഗിച്ചിരുന്നു. പനനൊങ്ക്, കരിന്പനയുടെ കള്ള്, പനംചക്കര, പനംകൽക്കണ്ടം, പനമണ്ട, പനംകിഴങ്ങ്, കരിന്പനവേര്, പനയുടെ കൂന്പ്, പൂക്കൾ, കുല തുടങ്ങിവയെല്ലാം ഒൗഷധമായി ഉപയോഗിച്ചിരുന്നു. രാമശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ അധ്യക്ഷനായി.