നിപ്പ വൈറസ് രോഗം: ജില്ലയിൽ പ്രതിരോധപ്രവർത്തനം ഊർജിതം
1574456
Thursday, July 10, 2025 1:06 AM IST
പാലക്കാട്: നിപ്പ വൈറസ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. ജില്ലയിൽ നിലവിൽ ഒരുരോഗിക്കു മാത്രമാണ് നിപ്പരോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ അഞ്ചുപേരാണ് ഐസൊലേഷനിൽ കഴിയുന്നത്. നിലവിൽ ജില്ലയിൽ 177 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നു അധികൃതർ അറിയിച്ചു.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020 ഗൃഹസന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 235 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്.
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 78 കോളുകളെത്തിയതായും അധികൃതർ അറിയിച്ചു.
നിപ്പ പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി ഐസിഎംആര്‍ എൻഐവി പൂനെയിൽ നിന്നുള്ള വിദഗ്ധസംഘം പാലക്കാട് മെഡിക്കൽ കോളജിലെ കൺട്രോൾറൂം സന്ദർശിച്ച് അഡീഷ്ണൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുമായി ചർച്ച നടത്തി.
തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകൾ, കഴിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ പൊതുജനങ്ങളുടെ അനാവശ്യയാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽനിന്നും വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ പ്രകോപനപരമായ പെരുമാറ്റമോ ഉണ്ടാകരുത്.
ഇതു വവ്വാലുകളിൽ സമ്മർദങ്ങൾ ഉണ്ടാകുകയും അവയുടെ സ്രവ വിസർജ്യങ്ങൾ വർധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറംതള്ളുന്നതിനു കാരണമാകുകയും രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.