മണ്ണാർക്കാട്- ചിന്നത്തടാകം റോഡ്: വിവാദം പുകയുന്നു
1573902
Tuesday, July 8, 2025 1:19 AM IST
നവീകരണം വൈകുന്നതിനു കാരണം
എംഎൽഎയും കരാറുകാരനും: സിപിഎം
അഗളി: മണ്ണാർക്കാട്- ചിന്നത്തടാകം റോഡ് നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തതിനു കാരണം എംഎൽഎയും കരാറുകാരനുമാണെന്നു സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി.പി. ബാബു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നവീകരണത്തിന്റെ ആദ്യഘട്ടം നെല്ലിപ്പുഴ മുതൽ ആനമൂളിവരെ എട്ടു കിലോമീറ്റർ നവീകരണത്തിന് 44.4 കോടി രൂപയ്ക്കാണ് ലീഗ് അനുകൂലിയായ കരാറുകാരൻ ഏറ്റെടുത്തത്.
2023 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച നവീകരണപ്രവൃത്തികൾ 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്. ആകെയുള്ള എട്ടുകിലോമീറ്ററിൽ നാലര കിലോമീറ്ററാണ് രണ്ടര വർഷത്തിനുള്ളിൽ ടാറിംഗ് നടത്തിയിട്ടുള്ളത്. ഇക്കാലയളവിൽ എംഎൽഎ ഇടപെട്ട് രണ്ടുതവണയായി ജൂലൈ 31 വരെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്.
പണിപൂർത്തിയാക്കിയതിന് കരാറുകാരൻ സമർപ്പിച്ച ഇടക്കാല ബില്ലുകൾക്ക് കിഫ്ബി പണം അനുവദിച്ചിട്ടുമുണ്ട്. കള്ളപ്രചരണം നടത്തി കിഫ്ബിക്കും സർക്കാരിനെതിരെ ജനരോഷം ഇളക്കിവിടാൻ എംഎൽഎ അടക്കമുള്ളവരുടെ ബോധപൂർവമുള്ള ശ്രമമാണ് നടന്നുവരുന്നത്.
എംഎൽഎ ഇടപെട്ട് കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണമെന്നും പണികൾ വേഗത്തിൽ നടത്താൻ കഴിവുള്ള മറ്റൊരു കരാറുകാരനെ നിയമിക്കണമെന്നും സി.പി. ബാബു ആവശ്യപ്പെട്ടു.
വൈകലിനു കാരണം സർക്കാരും കിഫ്ബിയും: എംഎൽഎ
അഗളി: അട്ടപ്പാടിയിൽ കിഫ്ബി ഏറ്റെടുത്തു നടപ്പാക്കുന്ന റോഡ് നവീകരണ കാലതാമസത്തിന് ഉത്തരവാദി സർക്കാരും കിഫ്ബിയുമാണെന്നു എംഎൽഎ എൻ. ഷംസുദ്ദീൻ.
സിപിഎം അട്ടപ്പാടി ഏരിയ കമ്മിറ്റി തനിക്കെതിരെ ഇറക്കിയ പത്രക്കുറിപ്പിനോടു പ്രതികരിക്കുകയായിരുന്നു എംഎൽഎ. പൊതുമരാമത്ത് മന്ത്രിയും ധനകാര്യമന്ത്രിയുമാണ് കിഫ്ബി വർക്കുകൾ കൃത്യസമയത്ത് നോക്കി നടപ്പാക്കേണ്ടത്.
കരാറുകാരനെ തെരഞ്ഞെടുക്കുന്നതും കിഫ്ബിയാണ്. ജൂലൈ 31 വരെ കാലാവധി നീട്ടിനൽകിയതും കിഫ്ബി തന്നെയാണ്.
കരാറുകാരൻ ആവശ്യപ്പെട്ട പ്രകാരം വാട്ടർ പൈപ്പ്, ഇലക്ട്രിസിറ്റി മാറ്റിക്കൊടുക്കൽ, മരങ്ങൾ മുറിച്ചുനീക്കൽ, വകുപ്പുതലത്തിലുള്ള തർക്കങ്ങൾ എന്നിവയെല്ലാം താൻ ഇടപ്പെട്ട് പരിഹരിച്ചുനൽകി.
ഷെഡ്യൂൾ പ്രകാരം മേയ് 31നകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ കരാറുകാരൻ ഫെബ്രുവരി മുതൽ ഉണർന്നു പ്രവർത്തിച്ചില്ല എന്നതാണ് വസ്തുത. ഇത് സംബന്ധിച്ച് കരാറുകാരനെതിരേ കിഫ്ബിയിൽ പരാതിയും നൽകിയിട്ടുണ്ട്. അട്ടപ്പാടി റോഡ് വികസനം സംബന്ധിച്ച് അസംബ്ലിയിൽ 10 തവണ സബ്മിഷൻ അവതരിപ്പിച്ചിട്ടുണ്ട്. നവീകരണ കാലതാമസത്തിന് കാരണം എംഎൽഎ ആണെന്ന് വാദം വിചിത്രമാണ്.
2002 ഡിസംബർ ആദ്യവാരം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചുരംറോഡ് സന്ദർശിക്കുകയും ഒരുവർഷത്തിനകം റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്നും ഓരോ മാസവും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും ഉറപ്പുനൽകിയെങ്കിലും ഒന്നും നടപ്പായില്ലന്നു എംഎൽഎ ചൂണ്ടിക്കട്ടി. നിലവിൽ സർക്കാരിന്റെ പോരായ്മ മറക്കാൻ തന്നെ കരുവാക്കുകയാണെന്നും എംഎൽഎ പറഞ്ഞു.