കേരളത്തിലെ ആരോഗ്യരംഗത്തു നടക്കുന്നത് പിആർ പ്രചാരണംമാത്രം: രമ്യ ഹരിദാസ്
1574193
Tuesday, July 8, 2025 11:25 PM IST
ചിറ്റൂർ: എൽഡിഎഫ് ഭരണത്തിനു കീഴിൽ കേരളത്തിലെ ആരോഗ്യരംഗത്ത് നടക്കുന്നത് പിആർ പ്രചാരണം മാത്രമെന്ന് മുൻ എംപി രമ്യ ഹരിദാസ്. ആരോഗ്യരംഗത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റികൾ ചിറ്റൂർ താലൂക്ക് ആശുപത്രിയ്ക്കു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മികവിന്റെ കേന്ദ്രങ്ങളായിരുന്ന കേരളത്തിലെ സർക്കാർ ആശുപത്രികളെ തകർക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരിന്റേത്.
ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ ബുദ്ധിമുട്ടുകയാണ്. ഡോക്ടർമാർ നിർദേശിക്കുന്ന മുഴുവൻ മരുന്നുകളും സ്വകാര്യകടകളിൽ നിന്നു വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങളെന്നും രമ്യ ഹരിദാസ് പറഞ്ഞു. കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, കെ.സി. പ്രീത്, സി.സി. സുനിൽ, കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. നാരായണസ്വാമി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ഗുരുവായൂരപ്പൻ, രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.