പൊതുപണിമുടക്ക് പൂർണം
1574455
Thursday, July 10, 2025 1:06 AM IST
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നടത്തിയ ദേശീയപണിമുടക്ക് ജില്ലയിൽ പൂർണം.
സർവമേഖലകളും നിശ്ചലമായി. പണിമുടക്ക് ഓട്ടോ-ടാക്സി ജീവനക്കാരെയും വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ബാധിച്ചു. ഗ്രാമ- നഗര വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടച്ചിട്ട് വ്യാപാരികളും ദേശീയപണിമുടക്കുമായി സഹകരിച്ചു. പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. നഗരത്തിൽ ചുരുക്കം ചില ബേക്കറികളും ലോട്ടറിക്കടകളും മാത്രമാണ് തുറന്നുപ്രവർത്തിച്ചത്.
ആശുപത്രിക്കേസുകൾക്കും കല്യാണം, മരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആർടിസി സർവീസ് നടത്തിയില്ല.
പണിമുടക്കിൽ ഭൂരിഭാഗം സർക്കാർ ജീവനക്കാരും പങ്കാളിയായതോടെ സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. ജില്ലയിൽ സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ ആകെ 10 ശതമാനം ഹാജരാണ് രേഖപ്പെടുത്തിയത്. സ്കൂളുകളും കോളജുകളിലും വിരലിൽ എണ്ണാവുന്നയാളുകളാണ് ഹാജരായത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നഗരത്തിൽ പലയിടങ്ങളിലായി സമരാനുകൂലികൾ പ്രകടനം നടത്തി.
കഞ്ചിക്കോട് വ്യവസായമേഖലയെയും പണിമുടക്ക് നിശ്ചലമാക്കി. കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ ചിലരെ സമരാനുകൂലികൾ തിരിച്ചയച്ചു. തൊഴിലാളി സംഘടനാ നേതാക്കളും ഭാരവാഹികളുമാണ് ജോലിക്കെത്തിയവരെ പണിമുടക്കിന്റെ പേരുപറഞ്ഞ് തിരിച്ചയച്ചത്.
കെഎസ്ആർടിസി പാലക്കാട് ഡിപ്പോയ്ക്ക് മുന്നിൽ സമരക്കാർ ഒരു ബസ് തടഞ്ഞു. പണിമുടക്കിനെ തുടർന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.