നന്ദിയോട് കനാൽപ്പാലത്തിന്റെ കൈവരി തകർന്നു
1573900
Tuesday, July 8, 2025 1:19 AM IST
വണ്ടിത്താവളം: നന്ദിയോട്
മൂലത്തറ ഇടതുകനാൽപ്പാലത്തിന്റെ കൈവരി നിലംപതിച്ചു. നന്ദിയോട് ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികളും പ്രദേശത്തെ താമസക്കാരും നന്ദിയോട് ജംഗ്ഷനിൽ എത്തണമെങ്കിൽ കൈവരി തകർന്ന പാലം കടക്കണം. കനാലിൽ പൂർണതോതിൽ ജലമിറക്കിയാൽ പിന്നീട് പാലത്തിലൂടെ വിദ്യാർഥികളും പ്രായാധിക്യമുള്ളവരുടെ സഞ്ചാരവും തീർത്തും സുരക്ഷയില്ലാതെയാണ്.
മേൽപ്പാടത്ത് താമസക്കാരായ 50 കുടുംബങ്ങളിലുള്ളവർ നന്ദിയോട് എത്തി വേണം ബസ് യാത്ര നടത്താൻ. എട്ട് മാസം മുന്പാണ് ബലക്ഷയം ഉണ്ടായ പാലത്തിന്റെ പടിഞ്ഞാറുവശത്തെ കൈവരി വീണ്ടുകീറി ദ്വാരമുണ്ടായത്. പാലത്തിന്റെ ദുർബലാവസ്ഥ ബന്ധപ്പെട്ട ജലസേചനവകുപ്പ് മേധാവികളെ ധരിപ്പിച്ചിരുന്നു. സ്ഥലം സന്ദർശിച്ച വകുപ്പ് ജീവനക്കാർ സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. 1977 ൽ നിർമിച്ച പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് ഇളകി തുരുന്പിച്ച കമ്പികൾ തള്ളിയ നിലയിലാണുള്ളത്.