ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകളെല്ലാം ഉപയോഗശൂന്യം; ലക്ഷങ്ങളുടെ നഷ്ടം
1574197
Tuesday, July 8, 2025 11:25 PM IST
ഒറ്റപ്പാലം: ലക്ഷങ്ങൾ പൊടിച്ച് ഒറ്റപ്പാലം നഗരസഭ നിർമിച്ച ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകളെല്ലാം ഉപയോഗശൂന്യം. ഈസ്റ്റ് ഒറ്റപ്പാലം നഗരസഭാ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിനു സമീപത്തും കയറംപാറയിലുമടക്കമുള്ള ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകളാണ് ഉപയോഗമില്ലാതായി മാറിയത്.
പനമണ്ണയിൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ വന്നതോടെയാണ് യൂണിറ്റിന്റെ ആവശ്യമില്ലാതായത്. ദിവസവും എട്ടുമണിക്കൂറിൽ രണ്ടുടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യമാണ് കൺവെർട്ടറിനുള്ളത്.
പട്ടണം കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റുന്നത്. ഇതിനുവേണ്ടി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാലിന്യ ബിന്നുകളുള്ള കമ്പോസ്റ്റ് യൂണിറ്റ് നേരത്തെ കുറച്ചുകാലം പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് നിർത്തി. ഇപ്പോൾ വർഷങ്ങളായി വെറുതെ കിടക്കുകയാണ്. ഇതോടെ മൂന്നാമത്തെ യൂണിറ്റാണ് ഉപയോഗശൂന്യമാകുന്നത്.
നഗരസഭാ ബസ് സ്റ്റാൻഡിനു പുറകിലുണ്ടായിരുന്ന കമ്പോസ്റ്റ് യൂണിറ്റ് മലിനജല ശുദ്ധീകരണശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. കയറംപാറയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന യൂണിറ്റ് അടുത്തിടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
ബസ് സ്റ്റാൻഡിനു പുറകിൽ നാല് ബിന്നുകളുള്ള യൂണിറ്റ് ആറുലക്ഷംരൂപ ചെലവിലായിരുന്നു 2019 ൽ നിർമിച്ചത്. എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭയിലെ ഏറ്റവും വലിയ യൂണിറ്റ് കയറാംപാറയിൽ പാതയരികിൽ നിർമിച്ചത്.
ഈസ്റ്റ് ഒറ്റപ്പാലത്തെ രണ്ടു ബിന്നുകളുള്ള യൂണിറ്റ് നാല് ലക്ഷം രൂപ ചെലവിലാണ് പൂർത്തിയാക്കിയിരുന്നത്. വ്യാപാരികൾക്ക് ജൈവമാലിന്യം സംസ്കരിക്കാനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകൾ നിർമിച്ചിരുന്നത്.
എന്നാൽ ലക്ഷക്കണക്കിന് രൂപ ഉപയോഗശൂന്യമാക്കുകയാണ് പദ്ധതിയിലൂടെ നഗരസഭ ചെയ്തത്.