കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം: ആക്ട്സ്
1574191
Tuesday, July 8, 2025 11:25 PM IST
പാലക്കാട്: മദ്യനിർമാണശാല സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആക്ട്സ് ആവശ്യപ്പെട്ടു. മണ്ണൂക്കാട്ടെ സ്വകാര്യ മദ്യനിർമാണശാലയെ എതിർക്കുകയും മേനോൻപാറയിലെ സർക്കാർ മദ്യനിർമാണ ശാലയെ അനുകൂലിക്കുകയും ചെയ്യുന്നത് ഗാന്ധിജിയെ ആദരിക്കുന്ന കോണ്‍ഗ്രസുകാർക്ക് ഭൂഷണമല്ലെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു. ഏതു മേഖലയിൽ ഉത്പാദിപ്പിക്കുന്ന മദ്യവും വിഷമാണെന്ന യാഥാർഥ്യം സാമൂഹ്യ പ്രതിബദ്ധതയുള്ളവർ വിസ്മരിക്കരുത്.
ഇക്കാര്യത്തിൽ ജനവികാരം മാനിച്ച് നിലപാട് സ്വീകരിച്ച എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിനെയും അംഗങ്ങളെയും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതൃത്വത്തെയും സംഘടന അഭിനന്ദിച്ചു. ജലചൂഷണത്തിനും അപ്പുറം മനുഷ്യ മനസിന്റെ ദൗർബല്യത്തെ ചൂഷണം ചെയ്യുന്നതിനെകൂടി എതിർക്കുവാനുള്ള തന്റേടം മനുഷ്യനന്മ ആഗ്രഹിക്കുന്ന പൊതുപ്രവർത്തകർ കാട്ടണമെന്നും ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.