പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ല് വിഷയത്തില്‍ ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിനുമായുള്ള ലോക്സഭ നേതാവ് രാഹുല്‍ഗാന്ധിയും പ്രതിപക്ഷ സഖ്യകളും നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് ബിജെപി.
ഞായറാഴ്ച ഇങ്ങനെ കഷ്ടപ്പെട്ട് ജോലിചെയ്യുന്നതിന് പകരം പ്രതിപക്ഷ നേതാവിന് ചെയ്യാവുന്ന നല്ലകാര്യം, അജ്ഞാതമായ ഒരു അവധിയാഘോഷത്തിന് പോകുകയും ബില്‍ പാസായതിനുശേഷം തിരിച്ചെത്തുകയുമാണെന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ സമൂഹമാധ്യമമായ എക്സിലൂടെ പരിഹസിച്ചു.രാജ്യത്തെ യുവജനങ്ങളെയും സ്ത്രീകളെയും വഞ്ചിക്കാന്‍ കോണ്‍ഗ്രസിന് എപ്പോഴും കഴിയില്ലെന്നും സിന്‍ഹ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വനിതാ സംവരണ ബില്ലിനെയും എതിര്‍ക്കുന്നുവെന്ന് ബിജെപിയുടെ മറ്റൊരു ദേശീയ വക്താവ് സി.ആര്. കേശവന് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വഞ്ചനാപരവും സത്യസന്ധമല്ലാത്തതുമാണ്. ഇവരുടെ യഥാര്‍ഥ ദുഷ്ടലക്ഷ്യം നമ്മുടെ നാരീശക്തിക്ക് ലഭിക്കേണ്ട നിയമാനുസൃത അവകാശങ്ങള്‍ നിഷേധിക്കുക എന്നതാണ്. രാഹുലും കോണ്‍ഗ്രസും സ്ത്രീവിരുദ്ധ മനോഭാവം വളരെ വ്യക്തമായി പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ താത്പര്യമുള്ള കാര്യങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അസാധ്യമായി ഒന്നുമില്ലെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിലൂടെ പറഞ്ഞു.
പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം ഭരണഘടനാ സംവരണം നല്കുന്ന ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. പാര്‍ലമെന്റില്‍ കൂടുതല്‍ പ്രാതിനിധ്യം എന്നാല്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ എന്നാണര്‍ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags : BJP mocks Rahul Gandhi Go into exile Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash