ദുബായിയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
Thursday, May 15, 2025 2:53 PM IST
ദുബായി: കറാമയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശി ആനി മോൾ ഗിൾഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.20ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
ഈ മാസം നാലിനാണ് ആനിയെ താമസസ്ഥലത്തു വച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തിയത്. ആനി മോൾ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന ഫ്ലാറ്റിൽ അബിൻ ലാൽ സ്ഥിരമായി എത്താറുണ്ടായിരുന്നു.
സംഭവദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ആനിയുടെ നിലവിളി കേട്ട് തങ്ങൾ എത്തിയപ്പോഴേക്കും അബിൻ ഇറങ്ങിയോടുകയായിരുന്നു എന്നും സുഹൃത്തുക്കൾ പറഞ്ഞു.
നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ദുബായി വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ എഐ കാമറയുടെ സഹായത്തോടെയാണ് യുവാവ് പിടിയിലായത്.
യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗം നിഹാസ് ഹാഷിം, എച്ച്ആർ ഹെഡ് ലോയി അബു അംറ, ഇൻകാസ് യൂത്ത് വിംഗ് ദുബായി ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്.