ഓൺ - ഓഫ്ലെെൻ വായനയുമായി ചില്ല
Thursday, May 22, 2025 3:24 PM IST
റിയാദ്: ഒരു ഇടവേളയ്ക്ക് ശേഷം സൂം പ്ലാറ്റ്ഫോമിൽ നടന്ന ചില്ലയുടെ പ്രതിമാസ വായനയ്ക്ക് മദ്രാസ് ഐഐടി വിദ്യാർഥി അഖിൽ ഫൈസൽ ചെന്നൈയിൽ നിന്ന് തുടക്കം കുറിച്ചു.
ഷേക്സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകമായ ഒഥല്ലൊയുടെ വായനാനുഭവവും ആ നാടകത്തിൽ വിമർശനവിധേയമാകുന്ന വംശീയതയും പകയും വിദ്വേഷവും കുടിലതയും അവതാരകൻ സദസിന് മുന്നിൽ അവതരിപ്പിച്ചു.
ലോക ക്ലാസിക്കുകളിലെ കഥാപാത്രങ്ങളെ പരിശോധിച്ചാൽ അതിൽ ഏറ്റവും കടുത്ത കുടിലതയുടെ പ്രതീകമായാണ് നമ്മൾ ഇയാഗോയെ കാണുന്നതെന്ന് അഖിൽ പറഞ്ഞു.
അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ.കെ. പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച "അച്ഛന്റെ മകൾ' എന്ന കൃതിയുടെ വായനാനുഭവം കൊല്ലത്തു നിന്ന് അനിത നസീം സദസുമായി പങ്കുവച്ചു.
ജാതീയമായ വേലിക്കെട്ടുകൾ ഭേദിച്ചുകൊണ്ട് വിവാഹം ചെയ്യാനുള്ള മകളുടെ ഇഷ്ടത്തിന് കൂടെ നിൽക്കുന്ന അച്ഛനെയാണ് കൃതിയിൽ കാണുന്നത്.
ദരിദ്രനും ഇതര മതത്തിൽപെട്ടവനുമായ യുവാവുമായുള്ള വിവാഹത്തിന് സമ്മതം നല്കുന്ന സമ്പന്നനായ പിതാവിന്റെ കഥ പറയുന്ന നോവലിന്റെ കഥാതന്തുവിനെ വർത്താനകാല സാമൂഹ്യ പരിസരവുമായി ബന്ധപ്പെടുത്തി വിമർശനപരമായി അനിത അവതരിപ്പിച്ചു.
ഡിസി ബുക്ക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ പുരസ്കാരം നേടിയ ശംസുദ്ധീൻ കുട്ടോത്ത് എഴുതിയ ഇരിച്ചാൽ കാപ്പ് എന്ന നോവലിന്റെ വായനാനുഭവം പങ്കിട്ടത് കൊടുങ്ങല്ലൂരിൽ നിന്ന് ടി.എ. ഇഖ്ബാൽ ആണ്.
കഥകളും ഉപകഥകളുമായി വികസിക്കുന്ന നോവലിലെ അലൻ റൂമിയെന്ന നായകന്റെ ജീവിതാന്വേഷണമാണ് നോവൽ. ഇരിച്ചാൽ കാപ്പ് എന്ന ജലരാശിക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും മനോഹര ആഖ്യാനം ഇക്ബാൽ പങ്കുവച്ചു
വായനയ്ക്ക് ശേഷം നടന്ന "കൺവെഴ്സിംഗ് ഓൺ ദ എസ്തെറ്റിക്സ് ആൻഡ് എക്സ്പീരിയൻസ് ഓഫ് ഓൺലൈൻ ആൻഡ് ഓഫ്ലൈൻ റീഡിംഗ്' എന്ന വിഷയത്തിലെ ചർച്ചക്ക് നൗഷാദ് കോർമത്ത് മഞ്ചേരിയിൽ നിന്ന് തുടക്കം കുറിച്ചു.
ഭാഷയുണ്ടായ കാലം മുതൽ എഴുത്തുകാലത്തിനു മുന്പുള്ള നീണ്ട വാമൊഴിക്കാലവും വാമൊഴിയായി വളർന്നുവന്ന സാഹിത്യവും ഈജിപ്തിലും ചൈനയിലുമായി വികസിച്ച പേപ്പറിന്റെ ഉപയോഗവും അതിലൂടെ വളർന്നുവന്ന വരമൊഴിയും ചർച്ചക്ക് ആധാരമായി.
വായനരീതിയും, പ്രസിദ്ധീകരണ രീതികളും മാറി. ഡിജിറ്റൽ യുഗത്തിലെ എഴുത്തിന്റെയും വായനയയുടെയും ഗുണവും ദോഷവും നമ്മൾ മനസിലാക്കുന്നു.
സാങ്കേതികവിദ്യകൾ സാഹിത്യത്തെയും ജീവിതത്തെയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന ചോദ്യം ചർച്ചയിൽ ഉയർന്നുവന്നു. അച്ചടിയിലുള്ള വായനയാണ് ഗൗരവമുള്ള ബൗദ്ധിക വ്യായാമത്തിന് കൂടുതൽ ഉപകരിക്കുക എന്ന അഭിപ്രായം പൊതുവെ സ്വീകാര്യമായി.
ജോണി പനംകുളം, ബീന, സുരേഷ് ലാൽ, അഖിൽ ഫൈസൽ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. എം ഫൈസൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.