ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഇന്ത്യൻ സംഘം ഇന്ന് യുഎഇയിൽ
ജോർജ് കള്ളിവയലിൽ
Wednesday, May 21, 2025 10:51 AM IST
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ദേശീയ സമവായവും ‘ഓപ്പറേഷൻ സിന്ദൂറും’ അതിലേക്കു നയിച്ച പഹൽഗാം ഭീകരാക്രമണവും ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഇന്ത്യയുടെ ഏഴു സർവകക്ഷി ഔദ്യോഗിക പ്രതിനിധിസംഘങ്ങളിൽ ആദ്യത്തേത് ഇന്ന് യുഎഇയിൽ എത്തും.
തന്ത്രപ്രധാനമായ 32 രാജ്യങ്ങളിലേക്കാണ് ഇന്ത്യ 59 പേരുടെ ഏഴു സംഘങ്ങളെ അയയ്ക്കുന്നത്. എട്ട് മുൻ അംബാസഡർമാരും ഇക്കൂട്ടത്തിലുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച യാത്രതിരിക്കും.
ഏഴു സംഘങ്ങളെ ഇന്ത്യ വിദേശങ്ങളിലേക്ക് അയയ്ക്കുന്നതിനു ബദലായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും വിദേശത്തേക്ക് അയയ്ക്കുന്നുണ്ട്.
പ്രതിനിധിസംഘത്തിന് വിദേശരാജ്യങ്ങളിൽ അവതരിപ്പിക്കേണ്ട സന്ദേശം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരണം നൽകി. ഇന്നും നാളെയും ഇത്തരം ബ്രീഫിംഗുകൾ തുടരും. വിദേശരാഷ്ട്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭരണാധികാരികൾ, നയരൂപീകരണ- നയതന്ത്ര വിദഗ്ധർ തുടങ്ങിയവരെയാണ് ഇന്ത്യയുടെ വാദമുഖങ്ങൾ അറിയിക്കുക.
പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യക്കും ലോകത്തിനാകെയും ഭീഷണിയാണെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കണമെന്നും ഇന്ത്യ അഭ്യർഥിക്കും.
ആണവഭീഷണി ഒഴിവാക്കാനും സാധാരണക്കാരായ ജനങ്ങളെ ഒഴിവാക്കിയും ഭീകരകേന്ദ്രങ്ങൾ മാത്രം തെരഞ്ഞെടുത്താണ് പഹൽഗാമിലെ നീചമായ കൂട്ടക്കുരുതിക്ക് ഇന്ത്യ മറുപടി നൽകിയതെന്ന് പ്രതിനിധികൾ വിദേശരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തും.
ശിവസേന എംപി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്നു പുറപ്പെടുന്ന പ്രതിനിധിസംഘത്തിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അംഗമാണ്. ഇവർ യുഎഇയ്ക്കു പുറമെ കോംഗോ, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യ, സ്പെയിൻ, സ്ലോവേനിയ, ഗ്രീസ്, ലാത്വിയ എന്നിവിടങ്ങളിലേക്കു നാളെ യാത്രതിരിക്കും. ജെഡിയു നേതാവ് സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള സംഘവും നാളെയാണ് ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കു പോകുന്നത്.
സിപിഎമ്മിന്റെ രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസും സംഘത്തിലുണ്ട്. ഇക്കൂട്ടത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ച തൃണമൂൽ കോണ്‍ഗ്രസിലെ യൂസഫ് പഠാനു പകരം അഭിഷേക് ബാനർജിയെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ നിയോഗിച്ചു.
പാർലമെന്റിന്റെ വിദേശകാര്യ സമിതി ചെയർമാനും മുൻ വിദേശകാര്യ സഹമന്ത്രിയും ഐക്യരാഷ്ട്രസഭയിൽ ദീർഘകാലം പ്രവർത്തിച്ച പരിചയവുമുള്ള ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്ക, ബ്രസീൽ, കൊളംബിയ, ഗയാന, പനാമ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ സന്ദർശനം നടത്തും.
ആദ്യം ജോജ്ടൗണ് (ഗയാന), പനാമ, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയശേഷം അവസാനമാകും തരൂരും സംഘവും അമേരിക്കയിലെത്തുക. അമേരിക്കയിൽ മെമ്മോറിയൽ ഡേ വാരാന്ത്യമുള്ളതിനാലും ജൂണ്‍ രണ്ടുവരെ യുഎസ് കോണ്‍ഗ്രസിന് സമ്മേളനം ഇല്ലാത്തതിനാലുമാണ് തങ്ങളുടെ പ്രതിനിധിസംഘം അല്പം വൈകി പോകുന്നതെന്ന് തരൂർ പറഞ്ഞു.
ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, ഡെൻമാർക്ക്, ബെൽജിയം എന്നിവിടങ്ങളിലേക്ക് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും ഞായറാഴ്ചയാണു യാത്രതിരിക്കുക. ബിജെപി എംപി ബൈജയന്ത് പാണ്ഡ നയിക്കുന്ന സംഘം ബഹറിൻ, കുവൈറ്റ്, സൗദി അറേബ്യ, അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സംഘത്തിലെ അംഗമാണ്. എൻസിപി നേതാവ് സുപ്രിയ സുലെ നയിക്കുന്ന പ്രതിനിധിസംഘം ശനിയാഴ്ചയാണ് ഖത്തർ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് പുറപ്പെടുക. മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയവർ ഈ സംഘത്തിലുണ്ട്.
ഭീകരതയോട് വിട്ടുവീഴ്ചയോ സഹിഷ്ണുതയോ ഉണ്ടാകില്ലെന്ന ഇന്ത്യയുടെ കൂട്ടായ സന്ദേശം ലോകത്തിനു മുന്നിലെത്തിക്കുകയാണ് ദൗത്യമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിക്കാൻ അഭിമാനമുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.