ഹജ്ജ് തീർഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന്
Monday, May 19, 2025 12:54 PM IST
കൊച്ചി: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന് ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ച സൗകര്യങ്ങള്‍ പരിശോധിക്കുകയും തീര്‍ഥാടകരുടെ പ്രശ്നങ്ങള്‍ അവരുമായി കൂടിക്കാഴ്ച നടത്തി മനസിലാക്കുകയും ചെയ്തു.
ഡോ. സുഹേല്‍ ഖാന് മക്കയില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സന്ദര്‍ശിച്ച് അവരുടെ ക്ഷേമവും ആശങ്കകളും അന്വേഷിച്ചു. തീര്‍ഥാടകരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഹജ്ജ് യാത്ര സുഗമമാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മക്കയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ പ്രവര്‍ത്തനക്ഷമമായ ഡെസ്ക്കുകള്‍, ബ്രാഞ്ച് ഓഫീസുകള്‍, ഡിസ്പെന്‍സറികള്‍ എന്നിവ അംബാസഡര്‍ ഖാന് പരിശോധിച്ചു. അദ്ദേഹത്തോടൊപ്പം കോണ്‍സല്‍ (ഹജ്ജ്) മുഹമ്മദ് അബ്ദുള്‍ ജലീലും മറ്റ് കോഓര്‍ഡിനേറ്റര്‍മാരും സന്നിഹിതരായിരുന്നു.
മക്കയിലെ അസീസിയയിലെ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് അംബാസഡര്‍ ഡോ. ഖാനും കോണ്‍സല്‍ (ഹജ്ജ്) ജലീലും സമഗ്രമായ അവലോകനം നടത്തി. അസീസിയ ഗതാഗത സേവനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് തീര്‍ഥാടകര്‍ക്ക് അവരുടെ വസതികളില്‍ നിന്ന് ഹറാം ഷെരീഫിലേക്ക് 24 മണിക്കൂര്‍ ഗതാഗത സൗകര്യം ഒരുക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.
ഈ വര്‍ഷത്തെ ഇന്ത്യയുടെ ആകെ ഹജ്ജ് ക്വാട്ട 1,75,000 തീര്ഥാടകരാണെന്നത് ശ്രദ്ധേയമാണ്. റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പുറമേ, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സുസംഘടിതവും സമഗ്രവുമായ ഹജ്ജ് പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.