ഒരേ മാർക്ക്, അതേ വിജയമധുരം; ചേച്ചിക്ക് പിന്നാലെ സ്കൂൾ ടോപ്പറായി അനിയത്തിയും
Tuesday, May 20, 2025 10:37 AM IST
ദുബായി: മിന്നുന്ന ജയം സ്വന്തമാക്കി ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ സിബിഎസ്സി ഗ്രേഡ് 12 വിദ്യാർഥി മെലിസ മാത്യു. 98.7 ശതമാനത്തോടെ 500ൽ 489 മാർക്ക് നേടിയാണ് മെലിസ സ്കൂൾ ടോപ്പറായത്.
മെലിസയുടെ സഹോദരി മെൽവിയ മാത്യുവും 2023ൽ ഷാർജ ഔവർ ഓൺ സ്കൂളിലെ ടോപ്പറായിരുന്നു. 500ൽ 489 മാർക്ക് തന്നെയാണ് മെൽവിയയ്ക്കും അന്ന് ലഭിച്ചിരുന്നത്.
ഇഷ്ടവിഷയങ്ങളിലും പഠന രീതികളിലുമെല്ലാം സമാനതകൾ പ്രകടിപ്പിച്ചിരുന്ന സഹോദരിമാർ ഒരേ മാർക്കോടെ സ്കൂൾ ടോപ്പർമാരായ വാർത്ത ബന്ധുക്കൾക്കും സ്കൂൾ അധികൃതർക്കും കൗതുകമായി.
മൂന്നിലവിൽ നിന്നുള്ള പ്രവാസി ദമ്പതിമാരായ വാകക്കാട് കുന്നയ്ക്കാട്ട് മാത്യുവിന്റെയും മഞ്ജുവിന്റെയും മക്കളാണ് ഇരുവരും. മെലിസയുടെ വിജയത്തിൽ ഏറെ സന്തോഷത്തിലാണ് സഹോദരൻ മെലാനിയോയും.