പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം
Thursday, May 22, 2025 2:50 PM IST
കുവൈറ്റ് സിറ്റി: പാലായുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം സംഘടിപ്പിച്ചു.
അബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലുസ് വെരി. റവ. ഡോ. ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
പിഡിഎംഎ ഡയറക്ടർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പിഡിഎംഎ അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, കുവൈറ്റ് അബാസിയ ഇടവക വികാർ റവ. ഫാ. സോജൻ പോൾ എന്നിവർ സന്ദേശം നൽകി.
ജനറൽ കോഓർഡിനേറ്റർ ജോബിൻസ് ജോൺ പാലേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.വി. അലക്സ് സ്വാഗതവും സുനിൽ തൊടുക നന്ദിയും അറിയിച്ചു.

കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കിമാറ്റാൻ പ്രാദേശികമായ ഇത്തരം കൂട്ടായ്മകൾക്ക് കഴിയും എന്ന് വൈദികർ അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിനും സാർവത്രിക സഭയ്ക്കും എന്നും മുതൽക്കൂട്ടായിരിക്കട്ടെ എന്നും വൈദികർ ആശംസകൾ നേർന്നു.
കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നുമുള്ള അംഗങ്ങൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാം കുടുംബസംഗമത്തിന് മാറ്റുകൂട്ടി. കുവൈറ്റിലെ രൂപതാംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി യോഗത്തിൽ പ്രകാശനം ചെയ്തു.
പിഡിഎംഎ അംഗങ്ങളായ ഡൊമിനിക് മാത്യു ഏരേത്ത്, സിവി പോൾ പാറയ്ക്കൽ എന്നിവരെ, കുവൈറ്റിലെ ഇന്ത്യൻ പൊതുസമൂഹത്തിന്റെ സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന സമഗ്ര പിന്തുണകൾ പരിഗണിച്ച് പേൾ ഓഫ് പിഡിഎംഎ അവാർഡ് നൽകി ആദരിച്ചു.

കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന കെ.ജെ. ജോണിന് യോഗത്തിൽ യാത്രയയപ്പ് നൽകി. വിവാഹ ജീവിതത്തിൽ മുപ്പത് വർഷം പൂർത്തിയാക്കിയ ദമ്പതികൾ, ഉപരി പഠനത്തിന് പോകുന്ന കുട്ടികൾ, പ്രസംഗ മത്സര വിജയികൾ, സുറിയാനി സംഗീതം മത്സരവിജയികൾ എന്നിവരെ വേദിയിൽ ആദരിച്ചു.
എസ്എംസിഎ ഭാരവാഹികൾ, വിവിധ ജില്ലാഅസോസിയേഷൻ പ്രതിനിധികൾ, പാലാ സെന്റ് തോമസ്, കുറവിലങ്ങാട് ദേവമാതാ കോളജ് ആലുംമ്നി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.