കാർണിവൽ സംഘടിപ്പിച്ച് തൃശൂർ അസോയിയേഷൻ ഓഫ് കുവൈറ്റ്
അബ്ദുല്ല നാലുപുരയിൽ
Tuesday, May 20, 2025 3:42 PM IST
കുവൈറ്റ് സിറ്റി: അംഗങ്ങൾക്കായി കാർണിവൽ സംഘടിപ്പിച്ച് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്. കാർണിവലിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിന് അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനറും അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷൈനി ഫ്രാങ്ക് സ്വാഗതം ആശംസിച്ചു. സോഷ്യൽ വെൽഫയർ കൺവീനർ റാഫി എരിഞ്ഞേരി മൺമറഞ്ഞു പോയവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
ആക്ടിംഗ് സെക്രട്ടറി രാജൻ ചാക്കോ തോട്ടുങ്ങൽ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, ആനുവൽ സ്പോൺസർമാരായ അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കോ-സ്പോൺസറായ അൽ-ഈസ മെഡിക്കൽസ് പ്രതിനിധി അനീഷ് നായർ, മീഡിയ കൺവീനർ ദിലീപ്, വനിതാവേദി സെക്രട്ടറി നിഖില, വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം കൺവീനർ സെറ ബിവിൻ എന്നിവർ സംസാരിച്ചു.

മമ്മി & മി, സ്മാർട്ട് & സ്മൈൽ ഫാൻസി ഡ്രസ്, ഫാഷൻ ഷോ, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്, എഴുപത്-എൺപത് കാലഘട്ടങ്ങളിലെ പാട്ടുകൾ ചേർത്തിണക്കിക്കൊണ്ടുള്ള റിട്രോ ഡാൻസ്, നാടൻപാട്ട് കൂടാതെ വീരനാട്യ കൈകൊട്ടിക്കളി തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ മത്സരയിനങ്ങളിലായി 357 മത്സരാർഥികൾ പങ്കെടുത്തു.
വിവിധ തരം ഭക്ഷണ ശാലകൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ശീതള പാനീയങ്ങൾ, തട്ടുകടകൾ തുടങ്ങി വിവിധ തരം സ്റ്റാളുകൾ കാർണിവൽ വേദിയിൽ ഒരുക്കിയിരുന്നു.
ആയിരത്തിലധികം ആളുകൾ പങ്കെടുത്ത കാർണിവൽ പരിപാടിക്ക് ജോയിന്റ് ട്രഷറർ സാബു കൊമ്പൻ നന്ദി പ്രകാശിപ്പിച്ചു.