പാലക്കാട് പ്രവാസി അസോസിയേഷൻ കലോത്സവം സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Monday, May 19, 2025 4:23 PM IST
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്(പൽപക്) "കലോത്സവം 2025' ഗംഭീരമായി സമാപിച്ചു. വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ(കുഞ്ചൻ നമ്പ്യാർ നഗറിൽ) നടന്ന കലോത്സവത്തിന് വിവിധ ഏരിയകളിൽ നിന്നുള്ള 100 കണക്കിന് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു.
കുട്ടികളും മുതിർന്നവരുമായി മത്സരയിനത്തിലും മത്സരേതരയിനത്തിലുമായി പങ്കുകൊണ്ട കലോത്സവം രാവിലെ എട്ടിന് ആരംഭിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ രാധാകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു.
പൽപക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ആർട്സ് സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതം ആശംസിച്ചു. പി.എൻ. കുമാർ, സുരേഷ് മാധവൻ, ശിവദാസ് വഴിയിൽ, പ്രേംരാജ്, മീര വിനോദ്, ശ്രുതി ഹരീഷ് എന്നിവർ സംസാരിച്ചു.
മനോജ് പരിയാനി നന്ദി പ്രകാശനം നടത്തി. മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലളിത ഗാനം, നാടൻ പാട്ട്, ഫാഷൻ ഷോ തുടങ്ങിയ ഇനങ്ങളിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പൽപക് ഭാരവാഹികൾ വിതരണം ചെയ്തു.