കെഎംസിസിയുടെ ചരിത്രം പറയുന്ന "അന്നൊരു അബുദാബിക്കാലത്ത്' പുസ്തക പ്രകാശനം ശനിയാഴ്ച
അനിൽ സി. ഇടിക്കുള
Friday, May 23, 2025 2:34 PM IST
അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി നേതൃത്വത്തിൽ കെഎംസിസിയുടെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു. "അന്നൊരു അബുദാബിക്കാലത്ത്' എന്നപേരിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗർ രചനയും എഡിറ്റോറിയലും നിർവഹിച്ച പുസ്തകം ശനിയാഴ്ച രാത്രി 8.30നു പ്രകാശനം ചെയ്യും.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ, വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഗ്രന്ഥകാരൻ ഷരീഫ് സാഗർ എന്നിവർ സന്നിഹിതരാകും.
അതോടൊപ്പം അബുദാബി കെഎംസിസി ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.എച്ച്. അസ്ലം സ്മരണികയുടെ ഗൾഫ് തല പ്രകാശനവും ചടങ്ങിൽ നടക്കും.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മുപ്പത്തിരണ്ടോളം രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുള്ള സാമൂഹിക ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ ചരിത്രം പറയുന്ന ഒരു പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്.
നിരവധി പേരുടെ ഓർമകളിൽ നിന്നും വാമൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ക്രോഡീകരണം കൂടിയാണ് പുസ്തകം. ചരിത്ര ശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് വച്ച് പഴയ തലമുറയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും സംഗംമം സംഘടിപ്പിച്ചിരുന്നു.
ചന്ദ്രിക റീഡേഴ്സ് ഫോറം മുതൽ വർത്തമാനകാല കെഎംസിസി വരെയുള്ള നാല് പതിറ്റാണ്ടിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം മുതിർന്നവർക്കെന്നപോലെ പുതുതലമുറയ്ക്കും ഒരു നവ്യാനുഭവമായിരിക്കും സമ്മാനിക്കുകയെന്നു അബുദാബി കെഎംസിസി ഭാരവാഹികൾ അറിയിച്ചു.