അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് പുതിയ സർവീസ് ആരംഭിക്കാൻ ഇൻഡിഗോ
അനിൽ സി. ഇടിക്കുള
Friday, May 23, 2025 2:23 PM IST
അബുദാബി: ഇൻഡിഗോ എയർലൈൻസ് അബുദാബിയിൽ നിന്ന് ഇന്ത്യയിലെ മൂന്ന് സെക്ടറുകളിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ആരംഭിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കുമാണ് സർവീസ് ആരംഭിക്കുന്നത്.
ഇതിൽ ഭുവനേശ്വറിലേക്കും മധുരയിലേക്കും ആഴ്ചയിൽ മൂന്ന് സർവീസും വിശാഖപട്ടണത്തേക്ക് നാല് സർവീസുമുണ്ടാകും. ഇതോടെ യുഎഇയിലെ അഞ്ചു സെക്ടറുകളിൽ നിന്ന് ഇന്ത്യയിലെ 20 നഗരങ്ങളിലേക്ക് ആഴ്ചയിൽ 280 ഇൻഡിഗോ സർവീസാകും.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാവിലെ 7.20നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.05നു മധുരയിലെത്തും. തിരിച്ചു 2.35നു പുറപ്പെട്ടു വൈകുന്നേരം 5.20നു യുഎഇയിൽ ഇറങ്ങും വിധമാണ് സമയ ക്രമം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്നു പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.35നു ഭുവനേശ്വറിലെത്തും. തിരിച്ച് 9.35നു പുറപ്പെട്ട് ഉച്ചയ്ക്കു 12.35ന് അബുദാബിയിൽ എത്തും.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അബുദാബിയിൽ നിന്നു പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.20നു വിശാഖപട്ടണത്ത് ഇറങ്ങും. തിരിച്ച് 9.45നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് അബുദാബിയിൽ എത്തും.
ഇതോടെ ഏറ്റവുമധികം ഇന്ത്യൻ സെക്ടറുകളിലേക്കു നേരിട്ടുള്ള സർവീസ് നടത്തുന്ന വിമാനകമ്പനിയായി ഇൻഡിഗോ എയർലൈൻസ് മാറി.